2023 ലോകകപ്പിലെ ഏറ്റവും വലിയ സിക്‌സറുമായി ശ്രേയസ് അയ്യർ |Shreyas Iyer

ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു കൂറ്റൻ സിക്സർ നേടി ശ്രേയസ് അയ്യർ. ഇതുവരെയുള്ള 2023 ഏകദിന ലോകകപ്പിലെ ഏറ്റവും വലിയ സിക്സറാണ് മത്സരത്തിൽ ശ്രേയസ് നേടിയത്. 106 മീറ്ററുകളാണ് ഈ സിക്സർ സഞ്ചരിച്ചത്. ശ്രീലങ്കൻ പേസർ രജിതക്കെതിരെ ആയിരുന്നു ശ്രേയസ് അയ്യരുടെ ഈ തകർപ്പൻ ഹിറ്റ്. മത്സരത്തിൽ ക്രീസിൽ എത്തിയത് മുതൽ അത്യുഗ്രൻ ബാറ്റിംഗ് പ്രകടനമാണ് ശ്രേയസ് അയ്യർ കാഴ്ചവച്ചത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്ന് മാറി തകർപ്പൻ വെടിക്കെട്ട് ആയിരുന്നു ശ്രേയസ് മത്സരത്തിൽ നടത്തിയത്.

മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ 36ആം ഓവറിലായിരുന്നു ഈ കൂറ്റൻ സിക്സർ പറന്നത്. ഓവറിലെ നാലാം പന്ത് രജിത ഓഫ്‌ സ്റ്റമ്പിന് പുറത്ത് എറിയുകയായിരുന്നു. ശ്രേയസ് അയ്യർ തന്റെ സർവ്വശക്തിയും എടുത്ത് ഒരു തകർപ്പൻ ഷോട്ട് കളിച്ചു. ഗാലറിയിൽ ഏറ്റവും മുകളിലാണ് പന്ത് ചേന്ന് പതിച്ചത്. ബാറ്റിൽ നിന്ന് ഉയർന്ന സമയം തന്നെ ഇത് സിക്സറാണ് എന്ന് കമന്റേറ്റർമാരടക്കം ഉറപ്പു വരുത്തിയിരുന്നു. ശേഷമാണ് ഇത് 106 മീറ്ററുകൾ പിന്നിട്ടു എന്ന വിവരം പുറത്തുവന്നത്.

മത്സരത്തിൽ തുടരെ സിക്സറുകൾ നേടിയാണ് ശ്രേയസ് അയ്യർ തന്റെ ഇന്നിങ്സ് ആരംഭിച്ചത്. കഴിഞ്ഞ മത്സരത്തിൽ കേവലം 4 റൺസിന് അയ്യർ കൂടാരം കയറുകയുണ്ടായി. എന്നാൽ ഇത്തവണ ഷോട്ട് ബോളുകൾക്കെതിരെ പോലും വളരെ പക്വതയോടെയാണ് അയ്യർ കളിച്ചത്.മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമയുടെ വിക്കറ്റ് തുടക്കം തന്നെ നഷ്ടമായിരുന്നു. ശേഷം വിരാട് കോഹ്ലിയും ഗില്ലും ചേർന്ന് ഒരു കിടിലൻ കൂട്ടുകെട്ട് ഇന്ത്യക്കായി കെട്ടിപ്പടുക്കുകയായിരുന്നു.

നാലാമനായി ക്രീസിലേത്തിയ അയ്യർ നേരിട്ട ആദ്യ പന്ത് മുതൽ അടിച്ചു തകർക്കുന്നതാണ് കണ്ടത്. കഴിഞ്ഞ മത്സരത്തിൽ വലിയ സ്കോർ സ്വന്തമാക്കാൻ സാധിക്കാതിരുന്ന ശ്രേയസ് അയ്യർ ഈ മത്സരത്തിൽ തുടർച്ചയായി സിക്സറുകൾ നേടിയാണ് ഇന്നിംഗ്സ് ആരംഭിച്ചത്. ശേഷം മറുവശത്ത് വിക്കറ്റുകൾ നഷ്ടമായപ്പോഴും ശ്രേയസ് അയ്യർ ഇന്ത്യക്കായി ക്രീസിൽ ഉറയ്ക്കുകയുണ്ടായി. രണ്ടാം വിക്കറ്റിൽ 183 റൺസാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. ഗില്‍ മത്സരത്തിൽ 92 പന്തുകളിൽ 92 റൺസ് സ്വന്തമാക്കുകയുണ്ടായി. വിരാട് കോഹ്ലി 94 പന്തുകളിൽ 88 റൺസ് ആണ് നേടിയത്. ഇരുവരും കൂടാരം കയറിയതിന് ശേഷമാണ് ശ്രേയസ് അയ്യർ ക്രീസിലെത്തിയത്. ഇന്ത്യയ്ക്കായി അവസാന ഓവറുകളിൽ അടിച്ചു തകർക്കാൻ ശ്രേയസ് അയ്യർക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ 56 പന്തുകൾ നേരിട്ട 82 റൺസാണ് അയ്യർ നേടിയത്. ഇന്നിംഗ്സിൽ 3 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു. അവസാന ഓവറുകളിൽ ജഡേജയുടെയും(34) അയ്യരുടെയും കരുത്തിൽ ഇന്ത്യ 357 എന്ന സ്കോറിൽ എത്തുകയായിരുന്നു. ശ്രീലങ്കയ്ക്കായി മത്സരത്തിൽ മധുശങ്ക 5 വിക്കറ്റുകൾ നേടി മികവ് പുലർത്തി.

2.2/5 - (4 votes)