‘വിരാട് കോഹ്‌ലിക്ക് 40 പന്തിൽ നിന്നും സെഞ്ച്വറി നേടാനാവും’ : ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം ഭയമില്ലാതെ കളിക്കുക എന്നതാണെന്ന് സൗരവ് ഗാംഗുലി | T20 World Cup

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ വെസ്റ്റ് ഇൻഡീസിലും യുഎസിലുമായി നടക്കുന്ന ടി 20 വേൾഡ് കപ്പ് ആരംഭിക്കും. പ്രാഥമിക സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള മെയ്‌ ഒന്നിന് ഇന്ത്യന്‍ ടീമിന്‍റെയും പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം. ഏറെ നീളുന്ന ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് മുന്നിലുള്ള മറ്റൊരു അവസരമാണ് ടി20 ലോകകപ്പ്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനം ടി 20 ലോകകപ്പിലെ ടീം തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തും എന്നുറപ്പാണ്. ഇപ്പഴിതാ ടി 20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള തന്‍റെ കാഴ്‌ചപ്പാടുകള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി.“ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭയമില്ലാതെ കളിക്കുക എന്നതാണ്.ടി20യിൽ പ്രായം സംബന്ധിച്ച യാതൊരു നിയമവുമില്ല. ജെയിംസ് ആൻഡേഴ്‌സൺ ഇപ്പോഴും ടെസ്റ്റ് കളിക്കുകയും, 30 ഓവർ പന്തെറിയുകയും ചെയ്യുന്നു. എംഎസ് ധോണി ഇപ്പോഴും സിക്‌സറുകൾ അടിക്കുന്നു.ഇരുവരുടേയും പ്രായം 40 വയസിന് മുകളിലാണ്. സിക്‌സടിക്കുക എന്നതാണ് പ്രധാനം” ഗാംഗുലി പറഞ്ഞു.

”40 പന്തിൽ 100 റൺസ് നേടാനുള്ള കഴിവ് വിരാട് കോലിക്കുണ്ട്.ടി20യിൽ നിർഭയമായും സ്വതന്ത്രമായും കളിക്കുക എന്നതാണ് പ്രധാനം” ഡിസിയുടെ ക്രിക്കറ്റ് ഡയറക്ടർ ഗാംഗുലി പറഞ്ഞു.അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സീനിയർ സെലക്ഷൻ കമ്മിറ്റി രോഹിതിനെയും കോഹ്‌ലിയെയും ആദ്യ ചോയ്‌സ് ഓപ്പണർമാരായി തിരഞ്ഞെടുത്താൽ, ശുഭ്‌മാൻ ഗില്ലോ യശസ്വി ജയ്‌സ്വാളോ പുറത്തിരിക്കും.

“രോഹിത്തും കോലിയും ഓപ്പണ്‍ ചെയ്യണമെന്നത് എന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. സെലക്‌ടർമാർ അത് ചെയ്യണമെന്ന് ഞാൻ പറയുന്നില്ല. കാരണം അത്യന്തികമായി തീരുമാനം അവരുടേതാണ്” – സൗരവ് ഗാംഗുലി പറഞ്ഞു.”എൻ്റെ അഭിപ്രായത്തിൽ, അന്തിമ പട്ടികയിൽ പരിചയസമ്പന്നരായ വെറ്ററൻമാരുടെയും കഴിവുള്ള യുവാക്കളുടെയും സന്തുലിതാവസ്ഥ ഉൾപ്പെടുത്തണം. വെറ്ററൻ കളിക്കാർ വർഷങ്ങളായി മികച്ച പ്രകടനങ്ങൾ നടത്തിയപ്പോൾ, യുവ കളിക്കാരും മികച്ച വാഗ്ദാനവും കഴിവും പ്രകടിപ്പിച്ചു. പ്രായമോ പരിചയമോ പരിഗണിക്കാതെ ഓരോ കളിക്കാരൻ്റെയും കഴിവുകൾ, സ്വഭാവം, ശക്തമായ പ്രകടനങ്ങളുടെ റെക്കോർഡ് എന്നിവയുടെ സമഗ്രമായ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലായിരിക്കണം അന്തിമ തിരഞ്ഞെടുപ്പുകൾ,” സൗരവ് ഗാംഗുലി പറഞ്ഞു.

പവർപ്ലേ ഓവറുകളിൽ എതിരാളികളെ സമ്മർദ്ദത്തിലാക്കി തുടക്കം മുതൽ തന്നെ ആക്രമണ മനോഭാവത്തോടെ ഇന്ത്യ കളിക്കേണ്ടതുണ്ട് എന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

Rate this post