‘രവീന്ദ്ര ജഡേജ മടങ്ങി വരണം’ : രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ ലൈനപ്പിൽ മാറ്റങ്ങൾ വേണമെന്ന് ഗവാസ്‌കറും ഇര്‍ഫാനും |SA vs IND

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്‌ടൗണിലെ ന്യൂലാൻഡ്‌സിൽ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ രണ്ട് പ്രധാന മാറ്റങ്ങൾ നിർദ്ദേശിച്ച് ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്‌കർ. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിംഗ്‌സിനും 32 റൺസിനും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു.

രണ്ടാം ടെസ്റ്റിന് മുന്നോടിയായി ടീമിന്റെ പ്രകടനം വർദ്ധിപ്പിക്കുന്നതിന് മാറ്റങ്ങളുടെ ആവശ്യകത ഗവാസ്‌കർ ഊന്നിപ്പറഞ്ഞു.ആദ്യ ടെസ്റ്റിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഇന്ത്യക്ക് തിളങ്ങാനായില്ല. സൗത്ത് ആഫ്രിക്കൻ പേസ് ആക്രമണത്തിന് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.രണ്ടാം ഇന്നിങ്സിൽ വെറും 131 റൺസിന്‌ ഇന്ത്യ ഓൾ ഔട്ട് ആവുകയും ചെയ്തു. ബാറ്റർമാരിൽ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ രാഹുലും രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി നേടിയ വിരാട് കോലിയും മാത്രമാണ് തിളങ്ങിയത്.

ബൗളർമാരിൽ , പ്രത്യേകിച്ച് ശാർദുൽ താക്കൂറും പ്രസീദ് കൃഷ്ണയും മോശം പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയുടെ ശരാശരി ബൗളിംഗിനെതിരെ ദക്ഷിണാഫ്രിക്കക്ക് 408 റൺസ് നേടാൻ സാധിക്കുകയും ചെയ്തു.രവീന്ദ്ര ജഡേജ ഫിറ്റ്‌നസ് വീണ്ടെടുത്താൽ രണ്ടാം ടെസ്റ്റിലെ പ്ലെയിംഗ് ഇലവനിൽ രവിചന്ദ്രൻ അശ്വിന് പകരമായി ഉൾപ്പെടുത്തണമെന്ന് ഗവാസ്‌കർ പറഞ്ഞു.കൂടാതെ, ഗവാസ്‌കർ പുതിയ ബോൾ ബൗളിംഗിൽ മാറ്റം നിർദ്ദേശിച്ചു, പ്രശസ്ത് കൃഷ്ണയ്ക്ക് പകരം മുകേഷ് കുമാറിനെ ഉൾപ്പെടുത്തണമെന്ന് വാദിച്ചു.സ്പിന്‍ ബൗളിങ് ശക്തിപ്പെടുത്തുന്നതിനൊപ്പം ലോവര്‍ ഓര്‍ഡര്‍ ബാറ്റിങും ശക്തമാക്കേണ്ടതുണ്ടെന്നും ഗവാസ്‌കര്‍ പറയുന്നു.

നടുവേദനയെ തുടർന്ന് ആദ്യ ടെസ്റ്റ് നഷ്ടമായ ജഡേജ, കേപ്ടൗണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ലഭ്യമായേക്കും.ഇതേ ചർച്ചയ്ക്കിടെ, മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താനും നിർദ്ദേശിച്ച മാറ്റങ്ങളെക്കുറിച്ച് വിലയിരുത്തി. ഫാസ്റ്റ് ബൗളിംഗ് വിഭാഗത്തിലേക്ക് പ്രസിദ് കൃഷ്ണയ്ക്ക് പകരം മുകേഷ് കുമാറിനെയോ അവേഷ് ഖാനെയോ കൊണ്ടുവരാൻ അദ്ദേഹം ശുപാർശ ചെയ്തു.“നിങ്ങൾ ഫാസ്റ്റ് ബൗളിംഗിൽ ഒരു മാറ്റം പരിഗണിക്കുകയാണെങ്കിൽ, പ്രസിദ് കൃഷ്ണയ്ക്ക് പകരം മുകേഷ് കുമാറിനെയോ അവേഷ് ഖാനെയോ കൊണ്ടുവരുന്നത് പരിഗണിക്കുക,” പത്താൻ പറഞ്ഞു.