ഇന്ത്യക്കെതിരെ ജയിക്കാൻ 100 റൺസ് മതിയാവുമെന്ന് സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗർ | SA vs IND

ഇന്ത്യയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 55 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്ക ആദ്യദിനം കളി അവസാനിപ്പിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 36റണ്‍സിന് പിന്നില്‍. ആദ്യ ദിനത്തില്‍ 23 വിക്കറ്റുകള്‍ കൊയ്ത് ബൗളര്‍മാരുടെ പറുദീസയായി മാറിയ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.

രണ്ടാം ഇന്നിം​ഗ്സിൽ ഡീൻ എൽ​ഗർ, ടോണി ഡി സോർസി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവരുടെ വിക്കറ്റുകൾ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. അവസാന ഇന്നിം​ഗ്സിൽ 12 റൺസുമായി ഡീൻ എൽ​ഗർ മടങ്ങി. മുകേഷ് കുമാർ രണ്ടും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തി. 36 റണ്‍സുമായി ഓപ്പണര്‍ മാര്‍ക്രവും ഏഴു റണ്‍സുമായി ഡേവിഡ് ബെഡിങ്ഹാമുമാണ് ക്രീസില്‍.

ഇന്ത്യക്കെതിരെ ഞങ്ങൾക്ക് വിജയിക്കാൻ 100 റൺസ് മതിയെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് അവസാന ടെസ്റ്റ് കളിക്കുന്ന സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ ഡീൻ എൽഗാർ. രണ്ടാം ഇന്നിങ്സിൽ സൗത്ത് ആഫ്രിക്കക്ക് 100 റൺസ് പ്രതിരോധിക്കാൻ സാധിക്കുമെന്നും ക്യാപ്റ്റൻ പറഞ്ഞു.വിരമിക്കലിന് മുമ്പുള്ള തന്റെ അവസാന ടെസ്റ്റിൽ എൽഗർ 4, 12 റൺസിന് പുറത്തായി.” ഞങ്ങൾ 100 വിജയ ലക്‌ഷ്യം ഇന്ത്യക്ക് മുന്നിൽ വെക്കും ,ഞങ്ങളുടെ ബൗളർമാർ ക്ലിക്കു ചെയ്താൽ അവർക്ക് ഏത് ബാറ്റിംഗ് നിരയെയും ഈ വിക്കറ്റിൽ കീറിമുറിക്കാൻ കഴിയും, അത് സാധ്യമാണ്”എൽഗർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.കേപ്ടൗൺ ടെസ്റ്റിന്റെ ആദ്യ ദിനം 23 വിക്കറ്റുകളാണ്‌ വീണത്.

ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 98 റണ്‍സിന്റെ ലീഡാണ് ഉയര്‍ത്തിയത്. ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് പുറത്താക്കിയ ആത്മവിശ്വാസത്തില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 153 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളിങ്ങിന് മുന്നില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. അവസാന ആറ് വിക്കറ്റുകൾ ഒരു റൺസ് പോലും സ്കോർ ചെയ്യാതെ നഷ്ടപ്പെടുത്തി.

Rate this post