‘നിയമം ലംഘിച്ചാൽ ബാറ്റിങ് ടീമിന് അഞ്ച് റൺസ്’ : ക്രിക്കറ്റിൽ സ്റ്റോപ് ക്ലോക്ക് നിയമം വരുന്നു | Stop-clock

ഓവറുകൾക്കിടയിലുള്ള സമയം നഷ്ടപ്പെടുന്നത് കുറക്കാനായി ക്രിക്കറ്റിൽ പുതിയ സ്റ്റോപ്പ് ക്ലോക്ക് നിയം വരികയാണ്.ഇന്ന് ബാർബഡോസിൽ വെസ്റ്റ് ഇൻഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി20യോടെ ട്രയൽ ആരംഭിക്കും.ഇനി മുതൽ ബൗളിങ് ടീമിനു രണ്ട് ഓവറുകൾക്കിടയിൽ എടുക്കാവുന്ന പരമാവധി സമയം ഒരു മിനിറ്റായി കുറച്ചു.

ഒരു ഓവർ പൂർത്തിയായി ഒരുമിനിറ്റിനകം അടുത്ത ഓവറിലെ ആദ്യ പന്ത് എറിയാൻ ബൗളർ തയാറെടുക്കണമെന്നാണ് നിയമം പറയുന്നത്. ഒരു ഇന്നിങ്സിൽ മൂന്നുതവണ നിയമം ലംഘിച്ചാൽ ബാറ്റിങ് ടീമിന് അഞ്ച് റൺസ് ബോണസായി ലഭിക്കുമെന്നാണ് വ്യവസ്ഥ. ആദ്യ രണ്ടുതവണ ബോളിങ് ടീമിന് മുന്നറിയിപ്പ് നൽകിയ ശേഷമായിരിക്കും ബാറ്റ് ചെയ്യുന്ന ടീമിന് ബോണസ് റൺ അനുവദിക്കുക.

സ്റ്റോപ്പ് ക്ലോക്കിന്റെ പ്രാഥമിക ലക്ഷ്യം ഓവറുകൾക്കിടയിൽ എടുക്കുന്ന സമയം കുറയ്ക്കുക, ഗെയിമിന്റെ ടെമ്പോ വേഗത്തിലാക്കുക എന്നതാണ്.ഒരു ഓവർ അവസാനിക്കുമ്പോൾ ക്ലോക്ക് ആരംഭിക്കുന്നു. സ്റ്റേഡിയത്തിന്റെ വലിയ സ്‌ക്രീനിൽ കൗണ്ട്‌ഡൗൺ പ്രദർശിപ്പിക്കും. ബാറ്ററിന് ഉപകരണങ്ങൾ മാറ്റുകയോ വെള്ളം കുടിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ നിയമത്തിൽ ഇളവ് ലഭിക്കും.

സാധാരണയായി ഒരു ഏകദിനം പൂർത്തിയാകാൻ ഏകദേശം 8 മുതൽ 8.5 മണിക്കൂർ വരെ എടുക്കും.ടി20 മത്സരത്തിന് പരമാവധി 4.5 മണിക്കൂർ ആവശ്യമാണ്. എന്നാൽ പലപ്പോഴും മത്സരം പൂർത്തിയാക്കാൻ അതിൽ കൂടുതൽ സമയം എടുക്കാറുണ്ട്. ഇതിനൊരു മാറ്റം വരുത്താനാണ് ഐസിസി ശ്രമിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ശേഷം മാത്രമേ നിയമം സ്ഥിരപ്പെടുത്തൂവെന്ന് ഐസിസി ജനറൽ മാനേജർ വസിം ഖാൻ പറഞ്ഞു.

Rate this post