‘കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ നോഹ’ : തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോളും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും | Kerala Blasters

കലിംഗ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയിരുന്നു. ഇരു ടീമുകളും രണ്ടു വീതം ഗോളുകളാണ് മത്സരത്തിൽ നേടിയത്. രണ്ടു ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്.തുടർച്ചയായ മൂന്നാം മത്സരത്തിലും നോഹ സദൗയി ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയത് ജീസസ് ജിമെനെസാണ്.

രണ്ട് ഗോളുകൾക്ക് പുറകിലായ ശേഷം, ബ്ലാസ്റ്റേഴ്‌സ് താരം അലക്സാന്ദ്രേ കോയഫിന്റെ സെൽഫ് ഗോളിൽ തിരിച്ചുവന്ന ഒഡീഷയുടെ രണ്ടാം ഗോൾ പിറന്നത് ഡീഗോ മൗറീഷ്യോയിലൂടെയാണ്. മത്സരത്തിൽ ഒരു ഗോൾ നേടുകയും ജിമിനസിന്റെ ഗോളിന് വഴിയൊരുക്കുകയും ചെയ്ത നോഹ സദോയിയെയാണ് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തത്. ഇത് അദ്ദേഹത്തിന്റെ ഈ സീസണിലെ മൂന്നാമത്തെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ആണ്.നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയപ്പോഴും നോർത്ത് ഈസ്റ്റിനെതിരെ സമനില വഴങ്ങിയപ്പോഴും നോഹ തന്നെയായിരുന്നു മത്സരത്തിലെ താരം.

ഈ സീസണിലെ മൂന്നു ഐഎസ്എൽ മത്സരങ്ങളിലും മൊറോക്കൻ ഫോർവേഡ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യത്തെ വിദേശ സൈനിംഗ് ആയിരുന്നു മൊറോക്കൻ ഫോർവേഡ് .കഴിഞ്ഞ രണ്ട് സീസണുകളിൽ ഗോവ എഫ്സി-യുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച നോഹ സദോയി ആ ഫോം മഞ്ഞ ജേഴ്സിയിലും തുടരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.ഡ്യുറണ്ട് കപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ 6 ഗോളുകൾ നേടിയ നോഹ സദോയ്, ടൂർണമെന്റിന്റെ ഗോൾഡൻ ബൂട്ട് വിന്നർ ആയി മാറിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ 8 മത്സരങ്ങൾ കളിച്ച നോഹ 9 ഗോളുകളും 3 അസിസ്റ്റും 5 പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരവും നേടിയിട്ടുണ്ട്.13 ക്രോസുകൾ നൽകിയ താരം 6 അവസരങ്ങൾ സൃഷ്ടിച്ചെടുത്തു.

മത്സരത്തിലെ കണക്കുകൾ ഉൾപ്പെടുത്തിയാൽ, 23 ഗോളുകളും 15 അസിസ്റ്റുമായി 38 ഗോൾ സംഭാവനകൾ നോഹ ഇന്ത്യൻ സൂപ്പർ ലീഗിൽ നൽകിയിട്ടുണ്ട്.സീസണില്‍ ഇതുവരെ നാല് കളികള്‍ പിന്നിടുമ്പോള്‍ ഒരു ജയം മാത്രമാണ് ടീമിന് നേടാനായിട്ടുള്ളത്. തുടരെ രണ്ടാം എവേ മത്സരവും സമനിലയിലാക്കാന്‍ സാധിച്ചത് ആശ്വാസകരമാണ്. കഴിഞ്ഞ കളിയും സമനിലയില്‍ പിരിഞ്ഞിരുന്നു. ഇതുവരെ ഒരു ജയവും ഒരു തോല്‍വിയും മാത്രം നേരിട്ടിട്ടുള്ള ബ്ലാസ്‌റ്റേഴ്‌സിന് ആകെ അഞ്ച് പോയിന്റ് മാത്രമാണുള്ളത്.

Rate this post