വെടിക്കെട്ട് ബാറ്റിംഗുമായി സഞ്ജു സാംസൺ , സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം |Sanju Samson
സൈദ് മുഷ്തഖ് അലി ട്രോഫിയിലെ തങ്ങളുടെ ആറാം മത്സരത്തിൽ ഓഡിഷ ടീമിനെ പരാജയപ്പെടുത്തി കേരളം. മത്സരത്തിൽ 50 റൺസിന്റെ വിജയമാണ് കേരള ടീം സ്വന്തമാക്കിയത്. കേരളത്തിനായി നായകൻ സഞ്ജു സാംസണും ഓപ്പണർ വരുൺ നായനാരുമാണ് ബാറ്റിംഗിൽ തിളങ്ങിയത്. ഒപ്പം വിഷ്ണു വിനോദും ബാറ്റിംഗിൽ കേരളത്തിന് ഭേദപ്പെട്ട സംഭാവന നൽകി.
ബോളിങ്ങിൽ കേരളത്തിനായി ശ്രേയസ് ഗോപാലും ജലജ് സക്സനയും മികവു പുലർത്തുകയായിരുന്നു. ഇരുവരുടെയും മികവിൽ ഒഡീഷൻ ബാറ്റർമാരെ പൂട്ടിക്കെട്ടാൻ കേരളത്തിന് സാധിച്ചു. ടൂർണമെന്റിലെ തുടർച്ചയായ ആറാം വിജയമാണ് മത്സരത്തിൽ കേരളം സ്വന്തമാക്കിയത്.മത്സരത്തിൽ ടോസ് നേടിയ ഒഡീഷ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ പതിയെയാണ് കേരളം ആരംഭിച്ചത്. എന്നാൽ ഓപ്പണർ വരുൺ നായനാർ ക്രീസിലുറച്ചത് കേരളത്തിന് വലിയ ആശ്വാസമായി. 38 പന്തുകളിൽ 48 റൺസാണ് വരുൺ നേടിയത്. 33 പന്തുകളിൽ 35 റൺസ് നേടിയ വിഷ്ണു വിനോദം കേരളത്തിന് മികച്ച സംഭാവന നൽകി.
എന്നാൽ അവസാന ഓവറുകളിൽ ഒരു വെടിക്കെട്ട് കേരളത്തിന് ആവശ്യമായിരുന്നു. ഈ സമയത്ത് നായകൻ സഞ്ജു സാംസൺ അവസരത്തിനൊത്ത് ഉയരുന്നതാണ് കണ്ടത്. അവസാന ഓവറുകളിൽ ഒഡീഷയുടെ ബോളർമാരെ അടിച്ചു തകർക്കാൻ സഞ്ജുവിന് സാധിച്ചു. മത്സരത്തിൽ 31 പന്തുകളിൽ 4 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 55 റൺസാണ് സഞ്ജു സാംസൺ നേടിയത്. സഞ്ജുവിന്റെ മികവിൽ കേരളം നിശ്ചിത 20 ഓവറുകളിൽ 183ന് 4 എന്ന നിലയിലെത്തി.
THE SANJU SAMSON SHOW…!!!
— Mufaddal Vohra (@mufaddal_vohra) October 25, 2023
55* (31) with 4 fours and 4 sixes in the Syed Mushtaq Ali Trophy for Kerala. A captain's knock by Sanju. pic.twitter.com/9avGcJtHxZ
മറുപടി ബാറ്റിംഗിനിറങ്ങിയ ഒഡീഷയ്ക്ക് തുടക്കത്തിൽ തന്നെ പതറി. ബേസിൽ തമ്പിയും ശ്രേയസ് ഗോപാലും കൃത്യമായ ലൈനും ലെങ്ത്തും കണ്ടെത്തിയത് ഒഡീഷയെ ബാധിക്കുകയായിരുന്നു. എന്നാൽ മൂന്നാമനായി ക്രീസിലെത്തിയ സേനാപതി 23 പന്തുകളിൽ 37 റൺസുമായി ഒഡീഷയ്ക്കായി പൊരുതി. പക്ഷേ കേരള ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ കണ്ടെത്തിയത് ഒഡീഷയെ ബാധിക്കുകയായിരുന്നു. പല ബാറ്റർമാരും ക്രീസിലുക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ ബോളിങ്ങിന് മുൻപിൽ വീണു. കേരളത്തിനായി മത്സരത്തിൽ ജലജ് സക്സേന 5 വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി. 4 വിക്കറ്റുകൾ സ്വന്തമാക്കിയ ശ്രേയസ് ഗോപാലും ബോളിങ്ങിൽ മികവ് പുലർത്തി.