ലെസ്‌കോ-മിലോസ് സഖ്യം കാവൽ നിൽക്കുന്ന പ്രതിരോധം പൊളിക്കാനാവാതെ എതിരാളികൾ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽമോഹൻ ബഗാനെതിരെ തകർപ്പൻ ജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്.ആദ്യ പകുതിയിൽ ഗ്രീക്ക് സ്‌ട്രൈക്കർ ഡയമന്റകോസ് നേടിയ തകർപ്പൻ ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. കൊൽക്കത്തൻ ക്ലബിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയം കൂടിയാണിത്.

ഫോമിലുള്ള ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും മോഹൻ ബഗാന് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. പൊസഷനിൽ ആധിപത്യം പുലർത്തിയെങ്കിലും മാർക്കോ ലെസ്‌കോവിച്ചിന്റെ നേതൃത്വത്തിലുള്ള കേരള പ്രതിരോധത്തിനെതിരേ അവർക്ക് അവസരം ലഭിച്ചില്ല. എന്നാൽ രണ്ടാം പകുതിയിൽ മോഹൻ ബഗാൻ സമനില ഗോളിനായി കടന്നാക്രമിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എന്നാൽ ലിസ്‌കോവിച് – മിലോസ് ജോഡി പാറ പോലെ ഉറച്ചു നിന്നതോടെ അവരുടെ ശ്രമങ്ങൾ പാഴായി പോകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

രണ്ടുപേരെയും മറികടക്കാൻ മോഹൻ ബഗാനിന്റെ മികച്ച മുന്നേറ്റ നിരക്ക് സാധിക്കാതെ പോയി.പരിക്കിൽ നിന്ന് മോചിതനായി മാർകോ ലെസ്‌കോവിച്ച് പ്രതിരോധത്തിലേക്ക് തിരിച്ചെത്തിയ ശേഷം മൂന്നു മത്സരങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സ് ഗോൾ വഴങ്ങിയിട്ടില്ല.ലൂണ പരിക്കേറ്റ് പോയതിനു ശേഷം ക്യാപ്റ്റന്റെ റോളും ചെയ്യുന്നത് ക്രോയേഷ്യൻ ആണ്. ലൂണയുടെ അഭാവത്തിൽ ടീമിന്റെ നായകനായി ഇറങ്ങിയ അദ്ദേഹം ടീമിനെ കൃത്യമായി നയിക്കുന്ന പ്രകടനമാണ് നടത്തിയത്.മാർകോ, മിലോസ് സഖ്യം പ്രതിരോധത്തിൽ മിന്നുന്ന പ്രകടനം നടത്തുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ പ്രതീക്ഷകൾ നൽകുന്നു.

കളത്തിൽ സഹകളിക്കാരോട് കൃത്യമായി ആശയവിനിമയം നടത്താനും ആവശ്യമായ വേളയിൽ നിർദേശങ്ങൾ നൽകാനും മിടുക്കനാണ് ലെസ്‌കോവിച്ച്. മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ ദിമിയാണ് വിജയ ഗോൾ നേടിയതെങ്കിലും പ്ലയെർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് മാർക്കോ ലെസ്‌കോവിച്ചാണ്. ഇരു വിങ്ങുകളിൽ കളിച്ച നവോച്ച സിങ്ങും , പ്രീതം കൊട്ടലും അവരുടെ ജോലികൾ ചെയ്തു.

ഇന്നലത്തെ വിജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റ് നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്.9 മത്സരങ്ങളിൽ നിന്ന് 23 പോയിൻ്റുള്ള എഫ്സി ഗോവയാണ് രണ്ടാം സ്ഥാനത്ത്.10 മത്സരങ്ങളില്‍ 19 പോയിന്റുള്ള ബഗാന്‍ അഞ്ചാം സ്ഥാനത്താണ്. തുടര്‍ച്ചയായ മൂന്നാം ജയമാണ് ബ്ലാസ്‌റ്റേഴ്‌സിന്റേത്. ബഗാനാവട്ടെ തുടര്‍ച്ചയായ മൂന്നാം മത്സരവും പരാജയപ്പെട്ടു.