അമേരിക്കയ്‌ക്കെതിരെ ഇന്ത്യക്ക് അഞ്ച് പെനാൽറ്റി റൺസ് ലഭിച്ചതിന് പിന്നിലെ കാരണമറിയാം | T20 World Cup 2024

ട്വന്‍റി 20 ലോകകപ്പില്‍ ഹാട്രിക് വിജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ സൂപ്പർ എട്ടിലെത്തിയത്.അമേരിക്ക ഉയർത്തിയ 111 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

സൂര്യകുമാര്‍ യാദവിന്‍റെയും ശിവം ദുബെയുടെയും ബാറ്റിങ് മികവായിരുന്നു മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചത്. ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ശേഷം സൂപ്പർ എയ്റ്റിലേക്ക് കടക്കുന്ന മൂന്നാമത്തെ ടീമാണ് ഇന്ത്യ. അപ്രവചനീയമായ നാസോ കൗണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചെറിയ സ്കോറാണ് ഇന്ത്യ പിന്തുടർന്നതെങ്കിലും അമേരിക്കൻ ബൗളർമാർ ഇന്ത്യൻ ബാറ്റ്മാർമാരെ വെളളം കുടിപ്പിച്ചു.

മത്സരത്തിനിടെ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് അഞ്ചു റൺസ് ലഭിച്ചിരുന്നു. മത്സരത്തിനിടെ ഓവറുകൾക്കിടയിൽ യുഎസ്എ സമയപരിധി ലംഘിച്ചതിനെ തുടർന്ന് ഇന്ത്യക്ക് അഞ്ച് പെനാൽറ്റി റൺസ് അനുവദിച്ചു.T20 ലോകകപ്പ് 2024 ലെ ICC കളിയുടെ വ്യവസ്ഥകളുടെ 41.9.4 നിയമം അനുസരിച്ച് മുമ്പത്തെ ഓവർ പൂർത്തിയാക്കി 60 സെക്കൻഡിനുള്ളിൽ ഓരോ ഓവറും ആരംഭിക്കാൻ ഫീൽഡിംഗ് ടീം തയ്യാറാകണം.

ഓരോ ഓവര്‍ കഴിയുമ്പോഴും ഗ്രൗണ്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഇലക്‌ട്രിക് ക്ലോക്കില്‍ 60 സെക്കന്‍ഡ് കൗണ്ട് ഡൗണ്‍ ആരംഭിക്കും. ഈ സമയത്തിനുള്ളില്‍ ഫീല്‍ഡിങ് ടീം ബൗളിങ് ആരംഭിച്ചില്ലെങ്കില്‍ അമ്പയര്‍ ആദ്യം ക്യാപ്‌റ്റന് താക്കീത് നല്‍കുകയും ഇക്കാര്യം ബാറ്റിങ് ടീമിനെ അറിയിക്കുകയും ചെയ്യും.രണ്ടാമതും ആവര്‍ത്തിച്ചാല്‍ അവസാന മുന്നറിയിപ്പ് നല്‍കും. ഇത് തുടരുകയാണെങ്കിലാണ് ബാറ്റിങ് ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റി അനുവദിക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ഈ നിയമം പാലിക്കാനാണ് യുഎസിന് സാധിക്കാതെ വന്നത്.

മൂന്ന് തവണ ഈ പരിധി പാലിക്കുന്നതിൽ യുഎസ്എ പരാജയപ്പെട്ടു, അതിനാൽ ഇന്നിംഗ്‌സിൻ്റെ 16-ാം ഓവർ ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യക്ക് ബോണസ് ലഭിച്ചു.സൂര്യകുമാർ യാദവും ശിവം ദുബെയും ക്രീസിൽ നിൽക്കുമ്പോൾ 15 ഓവറുകൾക്ക് ശേഷം 76 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ.

Rate this post