ലോകകപ്പ് നേടിയ അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കാനെത്തുന്നു | Argentina

കേരളത്തിലെ ഫുട്ബാള്‍ പ്രേമികള്‍ കാത്തിരുന്ന സ്വപ്‌നം ഉടന്‍ പൂവണിയാന്‍ സാധ്യത. ലോകകപ്പ് നേടിയ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ സാധ്യത.ഇതിനായി അര്‍ജന്റീനന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ ഉടന്‍ കേരളം സന്ദര്‍ശിക്കും.കേരളം സന്ദർശിക്കുന്നതിന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ താല്പര്യം അറിയിച്ചെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസ് അറിയിച്ചു.

സ്പെയിനിലെത്തി മന്ത്രിയും സംഘവും അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ടീം വരുന്ന സമയവും വേദിയും പിന്നീട് തീരുമാനിക്കും. കേരളത്തിലെ വിവിധ ഇടങ്ങളിൽ സർക്കാരുമായി ചേർന്ന് അർജന്റീന അക്കാദമികൾ സ്ഥാപിക്കാനും സാധ്യതയുണ്ട്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഒരു സൗഹൃദ മത്സരം സംഘടിപ്പിക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യപടി എന്നോണം അർജന്റീനയുടെ പ്രതിനിധി സംഘം വരുന്ന നവംബർ മാസത്തിൽ കൊച്ചിയിലെത്തും.

നേരത്തെ തന്നെ അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കാനുള്ള ക്ഷണം സ്വീകരിച്ചിരുന്നു. അര്‍ജന്റീന ടീം അടുത്ത വര്‍ഷം കേരളത്തില്‍ രണ്ട് മത്സരം കളിക്കുമെന്ന് നേരത്തെ കായികമന്ത്രി അറിയിച്ചിരുന്നു. മുമ്പ് ലയണല്‍ മെസിയടക്കമുള്ള അര്‍ജന്റീന ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഭീമമായ ചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ ആ അവസരം നഷ്ടപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.എന്നാൽ അർജന്റീനയുടെ മത്സരം എന്നാണ് നടക്കുക എന്നുള്ളത് വ്യക്തമല്ല.നിലവിൽ വളരെയധികം ടൈറ്റ് ഷെഡ്യൂൾ ആണ് അർജന്റീനക്ക് ഉള്ളത്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളും ഫൈനലിസിമയും വേൾഡ് കപ്പും അടക്കം നിരവധി മത്സരങ്ങൾ അർജന്റീനക്ക് വരുന്ന വർഷങ്ങളിൽ കളിക്കേണ്ടതുണ്ട്.

അതുകൊണ്ടുതന്നെ കൊച്ചിയിൽ കളിക്കാൻ തീയതി ലഭിക്കുക എന്നുള്ളത് വളരെ സങ്കീർണമായ ഒരു കാര്യമാണ്.വർഷങ്ങൾക്കു മുൻപ് കൊൽക്കത്തയിൽ അർജന്റീന കളിച്ചിട്ടുണ്ട്.ലയണൽ മെസ്സി അവിടെ പങ്കെടുക്കുകയും ചെയ്തിരുന്നു. ഏതായാലും മെസ്സിയെയും സംഘത്തെയും കേരളത്തിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള അശ്രാന്ത പരിശ്രമങ്ങളിലാണ് കേരള ഗവൺമെന്റ് ഇപ്പോൾ ഉള്ളത്.കേരളത്തില്‍ അര്‍ജന്റീനന്‍ ടീമിന് വലിയ ആരാധകരാണ് ഉള്ളത്. മുന്‍പ് സ്വകാര്യ ചടങ്ങിനായി ഫുട്‌ബോള്‍ ഇതിഹാസം മറഡോണ എത്തിയപ്പോള്‍ കേരളം നീലക്കടലായിരുന്നു. അര്‍ജന്റീന ടീം കേരളത്തില്‍ എത്തുകയാണെങ്കില്‍ കായിക പ്രേമികള്‍ക്ക് അതൊരു ആഘോഷമാകും എന്ന് തീര്‍ച്ചയാണ്.

Rate this post