‘വിരാടിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല’ : ന്യൂസിലൻഡിനെതിരെയുള്ള കോലിയുടെ ഇന്നിങ്സിനെക്കുറിച്ച് രോഹിത് ശർമ്മ |World Cup 2023

ഏകദിന ഓവർ ക്രിക്കറ്റിൽ ചേസ് ചെയ്യാനുള്ള വിരാട് കോഹ്‌ലിയുടെ അസാധാരണമായ കഴിവ് സമാനതകളില്ലാത്തതാണ്. അത്കൊണ്ട് തന്നെ ‘ചേസ്മാസ്റ്റർ’ എന്ന പേരും കോലിക്ക് ലഭിച്ചു.ഞായറാഴ്ച ധർമ്മശാലയിൽ ന്യൂസിലൻഡിനെതിരെ 95 റൺസ് നേടി ഇന്ത്യക്ക് നാല് വിക്കറ്റിന് ജയം നേടിക്കൊടുത്തു.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോഡിനൊപ്പമെത്താൻ കോഹ്‌ലി അടുത്തെത്തി. 49 സെഞ്ചുറികൾ നേടിയ സച്ചിന്റെ പേരിലാണ് റെക്കോർഡ്. മത്സരത്തിൽ റെക്കോർഡും ഇന്ത്യയുടെ വിജയവും ഉറപ്പാക്കാനുള്ള ശ്രമത്തിൽ കോഹ്‌ലി ഒരു സിക്‌സറിന് ശ്രമിച്ചു പക്ഷേ ബൗണ്ടറിക്ക് സമീപം ഗ്ലെൻ ഫിലിപ്‌സിന്റെ കൈകളിലൊതുങ്ങി.അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്‌ലി 90കളിൽ പുറത്താകുന്നത്.

എന്നാൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കോഹ്‌ലിയുടെ ശ്രദ്ധേയമായ ഒത്തിണക്കവും റൺ ചേസിംഗിലെ നൈപുണ്യവും കണ്ട് ഒട്ടും ആശ്ചര്യപ്പെടുന്നില്ല. അദ്ദേഹത്തിന്റെ അസാധാരണമായ പ്രകടനത്തെക്കുറിച്ച് അധികമൊന്നും സംസാരിക്കാനില്ലെന്നും പറഞ്ഞു.

“വിരാടിനെക്കുറിച്ച് കൂടുതലായി ഒന്നും പറയാനില്ല, ഇത്രയും വർഷമായി അദ്ദേഹം ഇത് ചെയ്യുന്നത് ഞങ്ങൾ കാണുന്നു.അവസാനം ഏതാനും വിക്കറ്റുകൾ നഷ്ടമായതോടെ അൽപ്പം സമ്മർദ്ദമുണ്ടായി, പക്ഷേ കോഹ്‌ലിയും ജഡേജയും ഞങ്ങളെ വിജയത്തിലേക്ക് നയിച്ചു .രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യാനും കളിക്കാനും ഞങ്ങൾ ഇഷ്ടപ്പെടുന്നു. ഇതുവരെ ഞങ്ങൾ നിരാശരായിട്ടില്ല, ജനക്കൂട്ടത്തെയും ഞങ്ങൾ നിരാശപ്പെടുത്തിയിട്ടില്ല”രോഹിത് പറഞ്ഞു.