‘മോഹൻ ബഗനെതിരെ നേടിയ വിജയം അഡ്രിയാൻ ലൂണയ്ക്ക് വേണ്ടിയായിരുന്നു’:ദിമിത്രി ഡയമന്റകോസ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ ഡിമിട്രിയോസ് ഡയമന്റകോസിന്റെ ഒമ്പതാം മിനിറ്റിലെ തകർപ്പൻ ഗോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജയം ഉറപ്പിച്ചു. കൊൽക്കത്തൻ വമ്പന്മാർക്കെതിരെ ബ്ലാസ്റ്റേഴ്‌സ് നേടുന്ന ആദ്യ ജയം കൂടിയായിരുന്നു ഇത്.

കൊൽക്കത്തയിൽ മഞ്ഞപ്പട 1-0 സ്‌കോറിന് മറൈനേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. മത്സരത്തിന്റെ 9 ആം മിനുട്ടിലാണ് ഗ്രീക്ക് സ്‌ട്രൈക്കറുടെ ഗോൾ പിറക്കുന്നത്.ഡയമെന്റക്കോസിന്റെ അസാധാരണ ഡ്രിബ്ലിങ് മികവിന്റെയും ഷൂട്ടിങ് പാടവത്തിന്റെയും നേര്‍ക്കാഴ്ചയായിരുന്നു ഈ ഗോള്‍. ഇടതു വിങിലൂടെ പന്തുമായി കയറിയ ഡയമെന്റെക്കോസിനെ തടയാന്‍ ബഗാന്റെ മൂന്നു പേര്‍ ശ്രമിച്ചെങ്കിലും അവരെയെല്ലാം മറികടന്ന് ടൈറ്റ് ആംഗിളില്‍ നിന്നും ഒരു ഇടംകാല്‍ ബുള്ളറ്റ് ഷോട്ടിലൂടെ ദിമി വല ചലിപ്പിച്ചു.

ഈ സീസണിൽ ഐഎസ്‌എല്ലിൽ 10 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളുമായി ഡയമന്റകോസ് ഇപ്പോൾ ടോപ് ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ മുന്നിലാണ്.അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം നയിക്കുന്ന ഡയമന്റകോസ് മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെയുള്ള വിജയത്തിന് ശേഷം സംസാരിച്ചു.ഈ വർഷം ഒരു പോസിറ്റീവ് നോട്ടിൽ അവസാനിപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു.

“ഞങ്ങൾ ശരിക്കും സന്തുഷ്ടരാണ്, കാരണം ഞങ്ങൾ നല്ല വേഗതയിലാണ്. ഈ വർഷം ഒരു വിജയത്തോടെ പൂർത്തിയാക്കാൻ ഞങ്ങൾക്ക് സാധിച്ചു.ഞങ്ങൾ ഗെയിം വിജയിക്കാനാണ് വന്നത്, വ്യക്തമായും ഞങ്ങൾ നന്നായി കളിച്ചു, ഞങ്ങൾ വിജയിച്ചു,” ദിമി പറഞ്ഞു.സീസണിന്റെ തുടക്കം മുതൽ നിരവധി പരിക്കുകൾ നേരിട്ടെങ്കിലും, പോയിന്റ് പട്ടികയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു.”എപ്പോഴും പരിക്കുകൾ ഉണ്ടാകും. പരിക്കേറ്റ കളിക്കാർക്ക് പകരമായി വരുന്ന കളിക്കാർ ഞങ്ങളെ സഹായിക്കേണ്ടതുണ്ട്, ”അദ്ദേഹം പറഞ്ഞു.

“എല്ലാ സമയത്തും ഞങ്ങൾക്ക് പരിക്കുകൾ ഉള്ളതിനാൽ അതിനെ മറികടന്ന് കളിക്കേണ്ടതുണ്ട്. കൂടാതെ, ഈ പരിക്കുകൾക്കൊപ്പം, ഞങ്ങൾ നന്നായി കളിക്കുകയും ഗെയിമുകൾ വിജയിക്കുകയും ചെയ്യുന്നു. തീർച്ചയായും, ഞങ്ങൾക്ക് നല്ല കളിക്കാരെ നഷ്ടമായി, പക്ഷേ ഗെയിമുകൾ വിജയിക്കാൻ ഞങ്ങൾ എല്ലാം ചെയ്യും, ”അദ്ദേഹം കൂട്ടിച്ചേർത്തു.സച്ചിൻ സുരേഷ്, മുഹമ്മദ് ഐമെൻ, നിഹാൽ സുധീഷ് തുടങ്ങിയ യുവതാരങ്ങളെക്കുറിച്ച് ഡയമന്റകോസ് സംസാരിച്ചു.“ഞങ്ങളുടെ അക്കാദമിയിലെ ഈ ചെറുപ്പക്കാർ ഓരോ തവണയും തങ്ങൾ മികച്ച കളിക്കാരാണെന്ന് തെളിയിക്കുകയാണ്. അവർക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്,അവർ ശരിക്കും നല്ല കളിക്കാരാണ്”.

ഈ മാസമാദ്യം ആർത്രോസ്കോപ്പിക് സർജറിക്ക് വിധേയനായി വിശ്രമിക്കുന്ന ലൂണക്ക് പകരക്കാരനെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.എന്നാൽ ഒരു ടീമായി കളിക്കുന്നതിലൂടെ ലൂണയുടെ അഭാവം മറച്ചുവെക്കാൻ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.“തീർച്ചയായും ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കും, കാരണം അഡ്രിയൻ ലൂണ ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിലൊരാളാണ്. ഞങ്ങൾ എല്ലാവരും ഒരുമിച്ച് അവനുവേണ്ടി കളിക്കാൻ ശ്രമിക്കും, ഈ വിജയം അവനുവേണ്ടി കൂടിയാണ്, ” ദിമി കൂട്ടിച്ചേർത്തു.

Rate this post