‘എന്റെ മകളുടെ സ്കൂൾ ഫീസ് അടക്കാൻ കഴിഞ്ഞില്ല ,പണമില്ലാതെ ഏറെ കഷ്ടപ്പെട്ടു’ : വിലക്കുകാലത്തെക്കുറിച്ച് ഉമർ അക്മൽ
ഒരുകാലത്ത് ലോക ക്രിക്കറ്റിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട താരമായിരുന്നു പാക്കിസ്ഥാൻ താരം ഉമർ അക്മൽ. പാക്കിസ്ഥാനായി മധ്യനിരയിൽ കൃത്യത പുലർത്താറുള്ള ബാറ്റർ തന്നെയായിരുന്നു അക്മൽ. എന്നാൽ തന്റെ കരിയറിൽ സംഭവിച്ച ചില പാകപ്പിഴകൾ അക്മലിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് വിലക്ക് ലഭിക്കാൻ കാരണമായി. അതിനുശേഷം താൻ നേരിട്ട പ്രധാന പ്രശ്നങ്ങളെപ്പറ്റി വൈകാരികപരമായി അക്മൽ സംസാരിക്കുകയുണ്ടായി. ക്രിക്കറ്റ് കരിയറിലെ തന്റെ മോശം കാലത്തെ പറ്റി തുറന്നടിക്കുകയാണ് ഉമർ അക്മൽ. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തനിക്കെതിരെ വിലക്ക് കൊണ്ടുവന്നപ്പോൾ ജീവിതം പൂർണമായും ബുദ്ധിമുട്ടിലായി മാറി എന്ന് പറഞ്ഞു.
“ഞാൻ എന്റെ ജീവിതത്തിൽ ആ സമയത്ത് വളരെയധികം ബുദ്ധിമുട്ടി. എന്റെ ശത്രുക്കൾക്കുപോലും ഈ ഗതി വരരുത് എന്നാണ് എന്റെ ആഗ്രഹം. എപ്പോഴും എന്തെങ്കിലും നൽകിക്കൊണ്ടോ, എന്തെങ്കിലും തിരിച്ചെടുത്തു കൊണ്ടോ മനുഷ്യരെ ദൈവം ഇങ്ങനെ പരീക്ഷിച്ചു കൊണ്ടേയിരിക്കും. എനിക്കൊരു മോശം കാലം വന്നെത്തിയതോടെ പലരുടെയും തനിനിറം എനിക്ക് കാണാൻ സാധിച്ചു. ആ സമയത്ത് എന്റെയൊപ്പം നിന്നവരോടെല്ലാം എനിക്ക് നന്ദി മാത്രമാണ് പറയാനുള്ളത്.”- അക്‌മൽ ഒരു പാകിസ്ഥാൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു.
വിലക്കേർപ്പെട്ട സമയത്ത് സാമ്പത്തികപരമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി എന്ന് അക്‌മൽ പറഞ്ഞു. “സാമ്പത്തികമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ 8 മാസത്തോളം എന്റെ മകളെ സ്കൂളിൽ അയക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. ആ സമയത്ത് എനിക്കൊപ്പം നിന്ന് പിന്തുണ നൽകിയത് എന്റെ ഭാര്യ മാത്രമാണ്. ആ സമയത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും എനിക്ക് കരയാനാണ് തോന്നുന്നത്. എന്റെ ഭാര്യ ജനിച്ചത് എല്ലാ സൗകര്യങ്ങളോടും കൂടിയായിരുന്നു. പക്ഷേ ഞാൻ എത്ര മോശം അവസ്ഥയിലാണെങ്കിലും എന്റെ കൂടെ ഉണ്ടാവുമെന്ന് അവൾ എനിക്ക് ഉറപ്പു നൽകി. ആ വാക്കുകളിൽ ഞാൻ ഇന്നും സന്തോഷിക്കുന്നു.”- അക്‌മൽ വൈകാരികപരമായി പറഞ്ഞു.
2019ലായിരുന്നു ഉമർ അക്‌മൽ അവസാനമായി പാകിസ്ഥാനായി രാജ്യാന്തര മത്സരം കളിച്ചത്. എന്നാൽ ശേഷം 3 വർഷത്തേക്ക് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അക്‌മലിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ശേഷം അതിനെതിരെ അക്മൽ അപ്പീലിനു പോയതോടെ ശിക്ഷ ഒരു വർഷമായി കുറഞ്ഞു. എന്നാൽ തിരികെ പാക്കിസ്ഥാൻ ദേശീയ ടീമിലേക്കെത്താൻ അക്മലിന് സാധിച്ചില്ല. എന്നിരുന്നാലും പാകിസ്താന്റെ സൂപ്പർ ലീഗ് ക്രിക്കറ്റിൽ നിറസാന്നിധ്യമായി അക്മൽ മാറിയിരുന്നു. കഴിഞ്ഞ സീസണിൽ ക്വാട്ട ഗ്ലാഡിയേറ്റേഴ്സ് ടീമിന് വേണ്ടിയാണ് അക്മൽ മൈതാനത്ത് ഇറങ്ങിയത്.