അബ്ദുൽ ബാസിതിന്റെ ബാറ്റിങ് മികവിൽ സൗരാഷ്ട്രയെ കീഴടക്കി കേരളം : വിജയ് ഹസാരെ ട്രോഫി | Kerala

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഒരു ഉജ്വല വിജയം സ്വന്തമാക്കി കേരള ടീം. സൗരാഷ്ട്രക്കെതിരായ മത്സരത്തിൽ 3 വിക്കറ്റുകളുടെ ആവേശോജ്ജ്വലമായ വിജയമാണ് കേരളം സ്വന്തമാക്കിയത്. ബോളിങ്ങിന് അനുകൂലമായ പിച്ചിൽ കേരള ബാറ്റർമാരുടെ പോരാട്ടവീര്യമായിരുന്നു കേരളത്തെ വിജയത്തിൽ എത്തിച്ചത്.

മത്സരത്തിൽ കേരളത്തിനായി അബ്ദുൽ ബാസിതും സഞ്ജു സാംസണുമാണ് ബാറ്റിംഗിൽ തിളങ്ങിയത്. ബോളിങ്ങിൽ 4 വിക്കറ്റുകളുമായി അഖീൻ സൗരാഷ്ട്രയുടെ കഴുത്തറക്കുകയായിരുന്നു. മത്സരത്തിലെ വിജയം കേരളത്തിന് വലിയ ആവേശം നൽകുന്നതാണ്.മത്സരത്തിൽ ടോസ് നേടിയ കേരളം ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് കേരളത്തിന് തങ്ങളുടെ പേസർമാർ നൽകിയത്. സൗരാഷ്ട്രയുടെ മുൻനിര ബാറ്റർമാരെ ചെറിയ ഇടവേളയിൽ തന്നെ കൂടാരം കയറ്റാൻ കേരള പേസർമാർക്ക് സാധിച്ചു.

ബേസിൽ തമ്പിയും അഖീനും ആദ്യ ഓവറുകളിൽ തന്നെ സൗരാഷ്ട്രയെ ചുരുട്ടി കെട്ടി. സൗരാഷ്ട്രൻ നിരയിൽ വിശ്വരാജ്സിംഗ് ജഡേജ മാത്രമാണ് ആദ്യ സമയങ്ങളിൽ പിടിച്ചുനിന്നത്. പിന്നീട് ഒമ്പതാമനായി ക്രീസിലെത്തിയ നായകൻ ഉനാദ്കട്ടും സംഭാവന നൽകുകയുണ്ടായി. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ ശക്തമായ ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തത് കൊണ്ടാണ് വലിയ നാണക്കേടിൽ നിന്ന് സൗരാഷ്ട്ര രക്ഷപ്പെട്ടത്. ജഡേജ മത്സരത്തിൽ 121 പന്തുകളിൽ 98 റൺസ് ആണ് നേടിയത്. ഉനാദ്കട്ട് 54 പന്തുകളിൽ 37 റൺസ് നേടി. ഇങ്ങനെ സൗരാഷ്ട്ര 185 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റെ തുടക്കവും അത്ര മികച്ചതായിരുന്നില്ല. ഓപ്പണർമാരായ വിഷ്ണു വിനോദിനെയും(4) രോഹൻ കുന്നുമ്മലിനെയും(4) കേരളത്തിന് തുടക്കത്തിലെ നഷ്ടമായി. എന്നാൽ നായകൻ സഞ്ജു സാംസൺ ക്രിസിൽ ഉറയ്ക്കുകയുണ്ടായി. 47 പന്തുകളിൽ 30 റൺസാണ് സഞ്ജു നേടിയത്. ശേഷം കൃത്യമായി ഇടവേളകളിൽ സൗരാഷ്ട്ര ബോളർമാർ വിക്കറ്റുകൾ കണ്ടെത്തിയെങ്കിലും മധ്യനിരയിൽ ബാസിത് കേരളത്തിനായി തീയായി മാറി. 76 പന്തുകളിൽ 60 റൺസാണ് ബാസിത് മത്സരത്തിൽ നേടിയത്. 9 ബൗണ്ടറികളും ഒരു സിക്സറും ബാസിതിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഒപ്പം അവസാന ഓവറുകളിൽ ശ്രേയസ് ഗോപാലും(21*) മികച്ച പ്രകടനം പുറത്തെടുത്തതോടെ കേരളം 3 വിക്കറ്റുകൾക്ക് വിജയം സ്വന്തമാക്കുകയായിരുന്നു.

Rate this post