സഞ്ജുവിന്റെ തകർപ്പൻ സെഞ്ച്വറി പാഴായി , വിജയ് ഹസാരെ ട്രോഫിയിൽ റെയല്‍വേസിനോട് പരാജയപെട്ട് കേരളം | Sanju Samson

കിനി സ്‌പോർട്‌സ് അരീന ഗ്രൗണ്ടിൽ നടന്ന വിജയ് ഹസാരെ ട്രോഫി ദേശീയ ഏകദിന ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ കേരളത്തിന് തോൽവി. 18 റൺസിന്‌ റയിൽവേസ് ആണ് കേരളത്തെ പരാജയപ്പെടുത്തിയത്. സെഞ്ചുറി നേടി മിന്നുന്ന ബാറ്റിംഗ് പുറത്തെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണും കേരളത്തെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

256 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് 50 ഓവറിൽ 237 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. 26 റൺസിന്‌ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട് കേരളം പതറുമ്പോഴാണ് സഞ്ജു ക്രീസിലെത്തിയത്.അഞ്ചാം വിക്കറ്റിൽ അർദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് ഗോപാലിനെയും കൂട്ടുപിടിച്ച്‌ സഞ്ജു കേരളത്തെ വിജയത്തിലേക്ക് എത്തിക്കുമെന്ന് വിചാരിച്ചു.63 പന്തിൽ നിന്നും 53 റൺസാണ് ഗോപാൽ നേടിയത്.ഇരുവരും 138 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

139 പന്തിൽ നിന്നും 6 സിക്‌സും എട്ട് ബൗണ്ടറിയും അടക്കം 128 റൺസാണ് സഞ്ജു നേടിയത്.അവസാന രണ്ട് ഓവറില്‍ 45 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 25 റണ്‍സാണ് നേടാന്‍ സാധിച്ചത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ സഞ്ജു പുറത്തായി. മത്സരത്തിൽ ടോസ് നേടിയ കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സാഹബ് യുവരാജ് സിങ്ങിന്റെ സെഞ്ച്വറിയുടെ മികവിൽ റെയിൽവേസ് 255/5 എന്ന സ്കോർ പടുത്തുയർത്തി.

ഒമ്പതാം ഓവറിൽ 19 റൺസിന് ഓപ്പണർമാരായ ശിവം ചൗധരിയെ (3), വിവേക് സിംഗ് (11) എന്നിവരെ റെയിൽവേയ്ക്ക് നഷ്ടമായി. എന്നാൽ, യുവരാജ് സിംഗും പ്രഥമസിങ്ങും മൂന്നാം വിക്കറ്റിൽ 148 റൺസ് കൂട്ടിച്ചേർത്തു.പ്രഥമൻ 77 പന്തിൽ 61 റൺസെടുത്ത് പുറത്തായപ്പോൾ യുവരാജ് സിംഗ് 136 പന്തിൽ 121 റൺസുമായി പുറത്താകാതെ നിന്നു. 13 ബൗണ്ടറികളും ഒരു സിക്‌സറും പറത്തി.ക്യാപ്റ്റൻ ഉപേന്ദ്ര യാദവ 31 റൺസുമായി പുറത്തായി.ഓഫ് സ്പിന്നർ വൈശാഖ് ചന്ദ്രൻ തന്റെ 10 ഓവറിൽ 2/33 എടുത്തു.ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് മത്സരങ്ങളും പൂര്‍ത്തിയാക്കിയ കേരളം അഞ്ച് ജയത്തോടെ 20 പോയിന്റുമായി ഒന്നാമതാണ്.

Rate this post