വിജയ് ഹസാരെ ട്രോഫിയിൽ ആധികാരികമായ വിജയം സ്വന്തമാക്കി കേരളം | Kerala

വിജയ് ഹസാരെ ട്രോഫിയിലെ ഒഡീഷക്കെതിരായ മത്സരത്തിൽ ആധികാരികമായ വിജയം സ്വന്തമാക്കി കേരളം. മത്സരത്തിൽ 78 റൺസിന്റെ കൂറ്റൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിനായി സെഞ്ച്വറി സ്വന്തമാക്കിയ വിഷ്ണു വിനോദാണ് ബാറ്റിംഗിൽ തിളങ്ങിയത്. ബോളിങ്ങിൽ ശ്രേയസ് ഗോപാൽ 4 വിക്കറ്റുകളുമായി മികവ് പുലർത്തുകയായിരുന്നു.

പക്ഷേ സഞ്ജു സാംസൺ അടക്കമുള്ള മറ്റു ബാറ്റർമാർ മത്സരത്തിൽ പരാജയപ്പെട്ടത് കേരളത്തിന് നിരാശ സമ്മാനിച്ചു. എന്നിരുന്നാലും മുംബൈയ്ക്കെതിരായ അവസാന മത്സരത്തിൽ ദയനീയമായ പരാജയം നേരിട്ട കേരളത്തെ സംബന്ധിച്ച് ഈ വിജയം ആത്മവിശ്വാസം നൽകുന്നതാണ്.മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിന്റെ മുൻനിര ബാറ്റർമാരെ തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ഒഡിഷയ്ക്ക് സാധിച്ചു. ഒരു സമയത്ത് കേരളം 75ന് 4 എന്ന നിലയിൽ തകരുകയുണ്ടായി. പിന്നീടാണ് വിഷ്ണു വിനോദ് ഒരു തകർപ്പൻ സെഞ്ചുറി കേരളത്തിനായി നേടിയത്.

തന്റെ സ്വതസിദ്ധമായ ശൈലിയിൽ വെടിക്കെട്ട് തീർത്തണ് വിഷ്ണു വിനോദ് മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയത്. മത്സരത്തിൽ 85 പന്തുകളിൽ നിന്നായിരുന്നു വിഷ്ണു 120 റൺസ് സ്വന്തമാക്കിയത്. 5 ബൗണ്ടറികളും 8 സിക്സറുകളും വിഷ്ണുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഒപ്പം അവസാന ഓവറുകളിൽ അബ്ദുൽ ബാസിതും കേരളത്തിനായി മികച്ച രീതിയിൽ ബാറ്റ് വീശി. 27 പന്തുകളിൽ 3 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 48 റൺസാണ് ബാസിത് നേടിയത്. ഇങ്ങനെ കേരളം 286 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഒഡീഷയ്ക്കും തുടക്കത്തിൽ പിഴയ്ക്കുകയുണ്ടായി. ഓപ്പണർ ശാന്തനു മിശ്ര മാത്രമാണ് ഒഡീഷയ്ക്കായി ക്രീസിലുറച്ചത്. മറ്റു ബാറ്റർമാരുടെ വിക്കറ്റുകൾ കൃത്യമായ സമയങ്ങളിൽ വീഴ്ത്താൻ കേരള ബോളർമാർക്ക് സാധിച്ചു. മത്സരത്തിൽ മിശ്ര 116 പന്തുകളിൽ 92 റൺസ് നേടി. മറുവശത്ത് വിക്കറ്റുകൾ ഓരോന്നായി സ്വന്തമാക്കി കേരളം വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. കേരളത്തിനായി ശ്രേയസ് ഗോപാൽ 37 റൺസ് മാത്രം വിട്ടു നൽകി 4 വിക്കറ്റുകൾ മത്സരത്തിൽ സ്വന്തമാക്കി. അഖിൽ സ്കറിയയും ബേസിൽ തമ്പിയും രണ്ട് വിക്കറ്റുകൾ വീതം മത്സരത്തിൽ നേടി. ഇതോടെ കേരളം അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.

4/5 - (1 vote)