‘എംഎസ് ധോണിയെയും വിരാട് കോഹ്‌ലിയെയും മാതൃകയാക്കി മത്സരം വിജയിപ്പിക്കാൻ ആഗ്രഹിച്ചു’: ജോസ് ബട്‌ലര്‍ | IPL2024

സാധ്യതകൾ തങ്ങൾക്ക് അനുകൂലമായില്ലെങ്കിലും ആത്മവിശ്വാസം നിലനിർത്തേണ്ടത് പ്രധാനമാണെന്ന് ജോസ് ബട്ട്‌ലർ പറഞ്ഞു. ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസ് 224 റൺസ് പിന്തുടരുമ്പോൾ 13-ാം ഓവറിൽ 121/6 എന്ന നിലയിൽ ആയിരുന്നു.എന്നാൽ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് ലക്ഷ്യങ്ങളെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് വിരാട് കോഹ്ലി എംഎസ് ധോണി എന്നിവരിൽ നിന്നും പ്രചോദനം ഉൾകൊണ്ടുവെന്നും ബട്ട്ലർ പറഞ്ഞു.

പരിക്ക് കാരണം RR-ൻ്റെ മുൻ മത്സരങ്ങൾ നഷ്‌ടമായ ബട്ട്‌ലർ 60 പന്തിൽ നിന്ന് പുറത്താകാതെ 107 റൺസുമായി വിജയത്തിൽ നിർണായക പങ്കുവഹിച്ചു. “വിശ്വസിച്ചുകൊണ്ടിരിക്കുക, അതായിരുന്നു എന്റെ മത്സരത്തിന്റെ തിയറി. താളത്തിനായി ഞാൻ അൽപ്പം പാടുപെടുകയായിരുന്നു.കുഴപ്പമില്ലെന്ന് ഞാൻ എന്നോട് തന്നെ പറയുന്നു, തുടരുക, താളം വീണ്ടെടുക്കുകയും ശാന്തമായിരിക്കാൻ ശ്രമിക്കുകയും ചെയ്യും” ജോസ് ബട്ട്ലർ പറഞ്ഞു.റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ നന്നായി കളിക്കാന്‍ കഴിയുമെന്ന് തന്റെ മനസിനോട് താന്‍ പറഞ്ഞു. ഈ ഐപിഎല്ലില്‍ അത്ഭുതകരമായ കാര്യങ്ങള്‍ നിരവധി തവണ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിരാട് കോഹ്ലിയെയും മഹേന്ദ്ര സിംഗ് ധോണിയെയും പോലുള്ള താരങ്ങള്‍ കളിക്കുന്നത് വ്യത്യസ്തമാണ്. തുടക്കത്തില്‍ തന്നെ ക്രീസിലെത്തി അവസാന പന്ത് വരെ അവര്‍ ബാറ്റ് ചെയ്യും. അതുപോലെ ബാറ്റ് ചെയ്യാന്‍ താന്‍ ആഗ്രഹിച്ചു. രാജസ്ഥാന്‍ പരിശീലകന്‍ കുമാര്‍ സംഗക്കാര തനിക്ക് നല്‍കിയ ഉപദേശവും ഇതായിരുന്നു. ഏറ്റവും മോശമായ കാര്യം ഒരു പോരാട്ടം പോലും നടത്താതെ വിക്കറ്റ് കളയുന്നതാണെന്നും ബട്‌ലര്‍ വ്യക്തമാക്കി.ഇപ്പോൾ ഏഴ് ഐപിഎൽ സെഞ്ചുറികളുള്ള ബട്ട്‌ലർ, ലീഗ് ചരിത്രത്തിലെ തൻ്റെ ഏറ്റവും മികച്ച പ്രകടനമാണ് ചൊവ്വാഴ്ചത്തെ സ്കോറെന്ന് വിശേഷിപ്പിച്ചത്.ഐപിഎൽ ഇന്നിംഗ്സ് വളരെ സംതൃപ്തി നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

18 പന്തില്‍ ജയിക്കാന്‍ 3 വിക്കറ്റ് ശേഷിക്കേ 46 റണ്‍സ് വേണമെന്ന ഘട്ടത്തിലായിരുന്നു ഈഡനിൽ ബട്ട്ലറുടെ അഴിഞ്ഞാട്ടം.മിച്ചല്‍ സ്റ്റാര്‍ക്കിന്റെ 18ാം ഓവറില്‍ 18 റണ്‍സും ഹര്‍ഷിത് റാണയെറിഞ്ഞ 19ാം ഓവറില്‍ 19 റണ്‍സും ബട്ട്ലർ അടിച്ചെടുത്തു. അവസാന ഓവര്‍ എറിയാനെത്തിയ വരുണ്‍ ചക്രവര്‍ത്തിയെ ആദ്യ പന്തില്‍ തന്നെ സിക്‌സറിന് പറത്തി. പിന്നീട് മൂന്ന് പന്തുകളില്‍ റണ്ണില്ല. അഞ്ചാം പന്തില്‍ ഡബിള്‍ നേടിയതോടെ സ്‌കോര്‍ തുല്യം. അവസാന പന്ത് ബൗണ്ടറി കടത്തി അവിശ്വസനീയമായ ജയവും നേടി.

Rate this post