” ഞാൻ ഒറ്റയ്ക്ക് കളി ജയിപ്പിച്ചെന്ന് പറയില്ല ” : റോയൽസിന്റെ വിജയത്തിന്റെ ക്രെഡിറ്റ് എടുക്കാൻ വിസമ്മതിച്ച് ജോസ് ബട്ട്ലർ | IPL2024

ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം താൻ ഒറ്റയ്‌ക്ക് വിജയിപ്പിച്ചിട്ടില്ലെന്ന് രാജസ്ഥാൻ റോയൽസ് വിജയശില്പി ജോസ് ബട്ട്‌ലർ.കൊൽക്കത്തയിൽ അവിശ്വസനീയമായ പ്രകടനം നടത്തിയ ജോസ് ബട്ട്ലർ സീസണിലെ തൻ്റെ രണ്ടാം സെഞ്ച്വറി നേടി.ബട്‌ലർ 107 റൺസുമായി പുറത്താകാതെ നിന്നു.ബട്ട്‌ലർ റോയൽസിന്റെ വിജയത്തിന്റെ ക്രെഡിറ്റ് എടുക്കാൻ വിസമ്മതിക്കുകയും റിയാൻ പരാഗിൻ്റെയും റോവ്‌മാൻ പവലിൻ്റെയും ഇന്നിങ്‌സുകളുടെ പ്രാധാന്യം എടുത്തു പറയുകയും ചെയ്തു.

റിയാൻ 14 പന്തിൽ 34 റൺസെടുത്തപ്പോൾ പവൽ നരെയ്‌നെ രണ്ട് സിക്‌സറുകൾ പറത്തി റോയൽസിന് വിജയ പ്രതീക്ഷകൾ നൽകി.നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസ് രണ്ടു വിക്കറ്റിന്റ ത്രസിപ്പിക്കുന്ന വിജയമാണ് സ്വന്തമാക്കിയത്.”ഇല്ല, ഞാൻ അങ്ങനെ പറയില്ല. റിയാൻ പരാഗ് ശരിക്കും ഞങ്ങളെ മുന്നോട്ട് നയിച്ചു. അവൻ വന്ന് മനോഹരമായി പന്ത് അടിച്ചു, റോവ്മാൻ പവൽ നരെയ്‌നെതിരെ കളിച്ച രീതിയാണ് കളിയിൽ തിരിച്ചുവരാൻ അവസരമൊരുക്കിയത് “ബട്ട്‌ലർ പറഞ്ഞു. “അവസാന പന്തിൽ വിജയിക്കുന്ന റണ്ണുകൾ അടിക്കുന്നത് അതിശയകരമായ ഒരു വികാരമാണ്. ഐപിഎൽ എല്ലായ്പ്പോഴും ഇങ്ങനെയാണ്” ബട്ട്‌ലർ പറഞ്ഞു.

18 പന്തില്‍ ജയിക്കാന്‍ 3 വിക്കറ്റ് ശേഷിക്കേ 46 റണ്‍സ് വേണമെന്ന ഘട്ടത്തിലായിരുന്നു ഈഡനിൽ ബട്ട്ലറുടെ അഴിഞ്ഞാട്ടം.മിച്ചല്‍ സ്റ്റാര്‍ക്കിന്റെ 18ാം ഓവറില്‍ 18 റണ്‍സും ഹര്‍ഷിത് റാണയെറിഞ്ഞ 19ാം ഓവറില്‍ 19 റണ്‍സും ബട്ട്ലർ അടിച്ചെടുത്തു. അവസാന ഓവര്‍ എറിയാനെത്തിയ വരുണ്‍ ചക്രവര്‍ത്തിയെ ആദ്യ പന്തില്‍ തന്നെ സിക്‌സറിന് പറത്തി. പിന്നീട് മൂന്ന് പന്തുകളില്‍ റണ്ണില്ല. അഞ്ചാം പന്തില്‍ ഡബിള്‍ നേടിയതോടെ സ്‌കോര്‍ തുല്യം. അവസാന പന്ത് ബൗണ്ടറി കടത്തി അവിശ്വസനീയമായ ജയവും നേടി.

കൊല്‍ക്കത്ത ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത സുനില്‍ നരെയ്‌ന്റെ (56 പന്തില്‍ 109) സെഞ്ചുറി കരുത്തിലാണ് 223 അടിച്ചെടുത്തത്. നരെയ്‌നുള്ള രാജസ്ഥാന്റെ മറുപടി ജോസ് ബട്‌ലറിലൂടെയായിരുന്നു. 60 പന്തില്‍ 107 റണ്‍സുമായി ബട്‌ലര്‍ പുറത്താവാതെ നിന്നപ്പോള്‍ രാജസ്ഥാന്‍ അവിശ്വസനീയ ജയം സ്വന്തമാക്കി. നൈറ്റ് റൈഡേഴ്‌സിനെതിരായ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഭദ്രമാക്കി രാജസ്ഥാന്‍ റോയല്‍സ്. ഏഴ് മത്സരങ്ങളില്‍ 12 പോയിന്റാണ് രാജസ്ഥാനുള്ളത്.തോറ്റെങ്കിലും കൊല്‍ക്കത്ത തന്നെയാണ് പോയിന്റ് പട്ടികയില്‍ രണ്ടാമത്. ആറ് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്.

Rate this post