2023 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നത് രോഹിത് ശർമയാകുമെന്ന് വീരേന്ദർ സെവാഗ്|Rohit Sharma
2023 ഏകദിന ലോകകപ്പ് അതിവേഗം അടുക്കുകയാണ്. മെഗാ ഇവന്റ് ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ തന്ത്രങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ടീമുകൾ.ടൂർണമെന്റിനെ കുറിച്ചുള്ള ചർച്ചകൾ വാർത്ത മാധ്യമങ്ങളിൽ വർധിച്ചു വരികയാണ്.ആരാണ് കിരീടം നേടുക എന്നത് മാറ്റി നിർത്തിയാൽ ലോകകപ്പിനെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും കൗതുകകരമായ ചോദ്യങ്ങളിലൊന്ന് മുൻനിര റൺ സ്‌കോറർ ആരായിരിക്കും എന്നാണ്.
ലോകകപ്പ് റൗണ്ട് റോബിൻ ഫോർമാറ്റിൽ നടക്കുന്നതിനാൽ ബാറ്റർമാർക്ക് മറ്റെല്ലാ ടീമുകൾക്കെതിരെയും കളിച്ച് റൺസ് നേടാനുള്ള അവസരം ലഭിക്കും.ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) നൽകിയ അഭിമുഖത്തിലാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് ഏറ്റവും കൂടുതൽ റൺസ് സ്‌കോററായി ഇന്ത്യൻ ക്യാപ്റ്റനെ തിരഞ്ഞെടത്തത്.
“ഞാൻ ഒരാളെ തിരഞ്ഞെടുക്കുകയാണെങ്കിൽ അത് രോഹിത് ശര്മയായിരിക്കും ,രണ്ട് പേരുകളുണ്ട്, പക്ഷേ ഞാൻ ഇന്ത്യക്കാരനായതിനാൽ ഇന്ത്യക്കാരനെ തെരഞ്ഞെടുക്കുന്നത്.അതിനാൽ രോഹിത് ശർമ്മ, കാരണം ലോകകപ്പ് വരുമ്പോൾ അവന്റെ എനർജി ലെവലും പ്രകടനവും ഉയരും.ഇത്തവണ അദ്ദേഹം ക്യാപ്റ്റൻ കൂടിയാണ്, അതിനാൽ അദ്ദേഹം വ്യത്യാസം വരുത്തുകയും ധാരാളം റൺസ് നേടുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്” സെവാഗ് പറഞ്ഞു.
ഇംഗ്ലണ്ടിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ 9 ഇന്നിംഗ്‌സുകളിൽ നിന്ന് 648 റൺസ് നേടിയ രോഹിത് ശർമ്മയാണ് ടോപ് റൺ വേട്ടക്കാരനായി ഫിനിഷ് ചെയ്തത്. 2003-ൽ സച്ചിൻ ടെണ്ടുൽക്കറുടെ 673 റൺസിനും 2007-ൽ മാത്യു ഹെയ്ഡന്റെ 659 റൺസിനും ശേഷം ഒരു ലോകകപ്പ് കാമ്പെയ്‌നിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ നേട്ടമാണിത്.2019ൽ 647 റൺസുമായി രോഹിത്തിന് ഒരു റണ്ണിന് പിന്നിൽ ഡേവിഡ് വാർണർ രണ്ടാം സ്ഥാനത്തെത്തി.