വെടിക്കെട്ട് ബാറ്റിങ്ങുമായി സൂര്യയും തിലകും ,മൂന്നാം ടി 20 യിൽ തകർപ്പൻ ജയവുമായി ഇന്ത്യ
വെസ്റ്റിൻഡിസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ആധികാരികമായ വിജയം സ്വന്തമാക്കി ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങളിലും ഞെട്ടിപ്പിക്കുന്ന പരാജയമായിരുന്നു ഇന്ത്യയെ തേടിയെത്തിയത്. അതിൽ നിന്ന് വലിയൊരു തിരിച്ചുവരവ് തന്നെയാണ് മൂന്നാം മത്സരത്തിൽ ഇന്ത്യ നടത്തിയിരിക്കുന്നത്.
മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനവും, കുൽദീപ് യാദവിന്റെ ബോളിംഗ് മികവുമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ പരമ്പര 2-1 എന്ന നിലയിൽ എത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം വെസ്റ്റിൻഡീസിന് നൽകാൻ അവരുടെ ഓപ്പണർമാർക്ക് സാധിച്ചു ബ്രാണ്ടൻ കിംഗ് 42 പന്തുകളിൽ 42 റൺസ് നേടിയപ്പോൾ, കൈൽ മേയേഴ്സ് 20 പന്തുകളിൽ 25 റൺസാണ് നേടിയത്.
അവസാന ഓവറുകളിൽ നായകൻ പവലിന്റെ ഒരു വെടിക്കെട്ട് തന്നെയാണ് മത്സരത്തിൽ കണ്ടത്. 19 പന്തുകൾ നേരിട്ട പവൽ മത്സരത്തിൽ 40 റൺസ് നേടി. ഒരു ബൗണ്ടറിയും മൂന്ന് സിക്സറുകളുമായിരുന്നു പവലിന്റെ സമ്പാദ്യം. ഇങ്ങനെ വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറുകളിൽ 159ന് 5 എന്ന ഭേദപ്പെട്ട സ്കോറിലെത്തി. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് 28 റൺസ് നൽകി 3 വിക്കറ്റുകൾ സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. അരങ്ങേറ്റക്കാരനായ ജെയിസ്വാളിന്റെ(1) വിക്കറ്റ് ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ നഷ്ടമായി. പിന്നീട് മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ആദ്യ ബോൾ മുതൽ അടിച്ചു തകർത്തു. ഇതിനിടെ ഗിൽ കൂടാരം കയറിയെങ്കിലും സൂര്യയെ അത് ബാധിച്ചില്ല. പവർപ്ലേ ഓവറുകളിൽ പൂർണ്ണമായും വിൻഡീസ് ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ സൂര്യകുമാറിന് സാധിച്ചു. തിലക് വർമ്മയെ കൂട്ടുപിടിച്ച് മൂന്നാം വിക്കറ്റിൽ ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ടാണ് സൂര്യ കെട്ടിപ്പടുത്തത്. മത്സരത്തിൽ 23 പന്തുകളിൽ നിന്നായിരുന്നു സൂര്യകുമാർ തന്റെ അർദ്ധസെഞ്ച്വറി പൂർത്തീകരിച്ചത്.
അതിനുശേഷവും വെടിക്കെട്ട് തുടരാൻ സൂര്യകുമാറിന് സാധിച്ചു. മത്സരത്തിൽ 44 പന്തുകൾ നേരിട്ട സൂര്യ 83 റൺസ് നേടി. 10 ബൗണ്ടറികളും 4 സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. തിലക് വർമ 37 പന്തുകളിൽ 49 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ ഇന്ത്യ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് ആശ്വാസം നൽകുന്ന വിജയം തന്നെയാണിത്. ആദ്യ രണ്ടു മത്സരങ്ങളിലെ ദയനീയ പരാജയങ്ങൾക്ക് ശേഷം വലിയൊരു തിരിച്ചുവരവ് തന്നെയാണ് ഇന്ത്യ നടത്തിയിരിക്കുന്നത്.