‘2011 ലെ സംഭവങ്ങൾ 2023 ൽ ആവർത്തിക്കുമ്പോൾ’ : 12 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് ഇന്ത്യ സ്വന്തമാക്കുമോ ? |World Cup 2023

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ മികച്ച പ്രകടനമാണ് തുടർന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ കളിച്ച 5 മത്സരങ്ങളിലും വിജയിച്ച ഇന്ത്യ, ഇപ്പോൾ വലിയ ആത്മവിശ്വാസത്തിലാണ്. അവസാനമായി, 2011-ലാണ് ഇന്ത്യ ലോകകപ്പ് ഉയർത്തിയത്. 12 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വീണ്ടും ഇന്ത്യയിൽ ലോകകപ്പ് നടന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യ അവസാനമായി ലോകകപ്പ് ജേതാക്കളായ ടൂർണമെന്റിന് സാമ്യതയുള്ള നിരവധി കാര്യങ്ങളാണ് ഇത്തവണ നടന്നുകൊണ്ടിരിക്കുന്നത്. 2011-ൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വിരാട് കോഹ്ലി സെഞ്ച്വറി നേടിയിരുന്നു, സമാനമായി പുരോഗമിക്കുന്ന ലോകകപ്പിലും ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ കോഹ്ലി സെഞ്ച്വറി നേടിയിരിക്കുകയാണ്. 2011-ൽ ഇന്ത്യ ഓസ്ട്രേലിയയെ ചേസ് ചെയ്ത് പരാജയപ്പെടുത്തിയിരുന്നു.

സമാനമായി ഇത്തവണയും ഓസ്ട്രേലിയെ റൺ ചേസിൽ ഇന്ത്യക്ക് പരാജയപ്പെടുത്താൻ സാധിച്ചു. 2011-ൽ ഓസ്ട്രേലിയക്കെതിരെ യുവരാജും ഗംഭീറും ആണ് ഇന്ത്യയുടെ വിജയ ശില്പികൾ ആയതെങ്കിൽ, ഇത്തവണ കോഹ്ലിയും രാഹുലും ചേർന്നാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. 2011-ൽ പാക്കിസ്ഥാനെതിരെ നടന്ന സെമിഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ 5 ബൗളർമാർ 2 വീതം വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.

സമാനമായി ഇത്തവണ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിലും ഇന്ത്യയുടെ 5 ബൗളർമാർ 2 വീതം വിക്കറ്റുകൾ വീഴ്ത്തി. ഇതിനോടകം 5 മത്സരങ്ങൾ വിജയിച്ച ഇന്ത്യക്ക് മുൻപിൽ ഇനി, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ ആണ് വലിയ കടമ്പകൾ ആയി അവശേഷിക്കുന്നത്. എന്നിരുന്നാലും, ഇന്ത്യ ഇതിനോടകം തന്നെ സെമി ഫൈനൽ ബർത്ത് ഏതാണ്ട് ഉറപ്പിച്ചു എന്ന് വേണം പറയാൻ. ടീം മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാൽ തന്നെ, ഇന്ത്യ ഇത്തവണ ലോകകപ്പ് അടിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകരും.

Rate this post