ടി 20 ലോകകപ്പ് ഫൈനലിൽ ദുബെയ്‌ക്ക് പകരം സഞ്ജു സാംസൺ കളിക്കുമോ ? : ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ | Sanju Samson

ടി20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതോടെ, രോഹിത് ശർമയുടെ ക്യാപ്റ്റൻസി മികവിന് ആരാധകരുടെ ഭാഗത്തുനിന്നും മുൻ താരങ്ങളുടെ ഭാഗത്തുനിന്നും അഭിനന്ദനങ്ങള്‍ എത്തിച്ചേരുകയാണ്. നേരത്തെ ഇന്ത്യൻ ടീമിന്റെ പല തീരുമാനങ്ങളിലും സെലക്ടർമാരും പരിശീലകനും ഒപ്പം ക്യാപ്റ്റനും പഴി കേൾക്കേണ്ടി വന്നിരുന്നു.

ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പോലും വിമർശനങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്നായിരുന്നു, വെസ്റ്റ് ഇൻഡീസ് – അമേരിക്ക എന്നിവിടങ്ങളിലായി നടക്കുന്ന ടൂർണമെന്റിനു വേണ്ടി എന്തിനാണ് നാല് സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തിയത് എന്നത്. ഇതിന് അന്ന് മാധ്യമങ്ങളോട് രോഹിത് മറുപടി പറഞ്ഞത് ഇങ്ങനെയാണ്, “എനിക്ക് എന്റെ ടീമിൽ നാല് സ്പിന്നർ മാരെ വേണം, അത് എന്തിനാണെന്ന് വെളിപ്പെടുത്താൻ എനിക്ക് ഇപ്പോൾ സാധിക്കില്ല.” ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞദിവസം നടന്ന സെമിഫൈനൽ മത്സരമാണ് തന്നോട് അന്ന് ചോദിച്ച ചോദ്യത്തിന് മറുപടി എന്ന് രോഹിത് പറയാതെ പറഞ്ഞിരിക്കുന്നു.

ഇംഗ്ലണ്ടിനെതിരെ കുൽദീപ് യാദവും, അക്സർ പട്ടേലും വിക്കറ്റുകൾ മികച്ച പ്രകടനം നടത്തിയപ്പോൾ, റൺ വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിച്ച് രവീന്ദ്ര ജഡേജയും മികവുപുലർത്തി. ഇന്ത്യൻ ടീമിന്റെ ജയത്തിൽ നിർണായകമായത് സ്പിന്നർമാരുടെ പ്രകടനമായിരുന്നു. അതായത് തന്റെ ടീമിൽ ഉൾപ്പെടുത്തിയവരെ കൃത്യമായി ഉപയോഗിക്കാൻ രോഹിത്തിന് അറിയാം. ഈ സാഹചര്യത്തിൽ ഫൈനൽ മത്സരത്തിൽ സഞ്ജു സാംസണെ രോഹിത് ഉപയോഗിക്കാനുള്ള സാധ്യത കാണുന്നു. ബൗൾ എറിയുന്നില്ല എന്നതുകൊണ്ട് തന്നെ ശിവം ഡ്യൂബെയെ ഒരു ബാറ്റർ ആയി മാത്രമാണ് ഇപ്പോൾ കാണാൻ സാധിക്കുക. മോശം ഫോമിൽ ബാറ്റ് ചെയ്യുന്ന, ഡ്യൂബെക്ക്‌ പകരം ഫൈനൽ മത്സരത്തിൽ ബാറ്റിംഗ് കരുത്ത് വർധിപ്പിക്കാൻ സഞ്ജുവിനെ ഉൾപ്പെടുത്തിയാൽ അതിൽ അതിശയപ്പെടാനില്ല.

നേരത്തെ, ടൂർണമെന്റിന്റെ തുടക്കത്തിൽ മുഹമ്മദ് സിറാജിനെയാണ് കളിപ്പിച്ചിരുന്നതെങ്കിൽ, ഇപ്പോൾ ആ അവസരം കുൽദീപിന് ആണ് നൽകിയിരിക്കുന്നത്. അതായത് എപ്പോൾ വേണമെങ്കിലും ആർക്ക് വേണമെങ്കിലും അവസരം ലഭിക്കാം. യശാവി ജയ്സ്വാൽ, സഞ്ജു സാംസൺ എന്നിവരിൽ ഒരാൾക്ക് ഫൈനൽ മത്സരത്തിൽ അവസരം ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. സഞ്ജുവിന് പുറമെ യുസ്‌വേന്ദ്ര ചഹാല്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരും ഇതുവരെയും പ്ലേയിങ് ഇലവനില്‍ ഇടം കണ്ടെത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഇവരെല്ലാം തന്നെ ഫൈനലിനും പുറത്തിരിക്കാനാണ് സാധ്യത.

ടീം മികവ് തുടരുന്ന സാഹചര്യത്തില്‍ ഫൈനല്‍ പോലൊരു നിര്‍ണായക മത്സരത്തില്‍ വിന്നിങ് കോമ്പിനേഷൻ പൊളിച്ചെഴുതാൻ ടീം മാനേജ്‌മെന്‍റോ ക്യാപ്റ്റനോ പരിശീലകനോ തയ്യാറായേക്കില്ല.അങ്ങനെ വന്നാല്‍, അവസാന മത്സരങ്ങള്‍ കളിച്ച അതേ ടീം തന്നെ ഫൈനലിലും ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങും. വിരാട് കോലി ഓപ്പണറായി തുടരുമെന്ന് രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശര്‍മ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യ സാധ്യത ഇലവൻ: രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ.