തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് ,ഓസ്ട്രേലിയക്ക് 241 റണ്‍സ് വിജയലക്ഷ്യം |World Cup 2023
2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യൻ ബാറ്റിങ് നിരയെ ചുരുട്ടി കെട്ടി ഓസ്ട്രേലിയ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ ഓസ്ട്രേലിയ പൂർണമായും വരിഞ്ഞു മുറുകുന്നതാണ് മത്സരത്തിൽ കണ്ടത്. മത്സരത്തിൽ കേവലം 240 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാൻ സാധിച്ചത്.
ഇന്ത്യക്കായി വിരാട് കോഹ്ലി, രാഹുൽ, രോഹിത് എന്നിവരാണ് അല്പമെങ്കിലും മികച്ച പ്രകടനം പുറത്തെടുത്തത്. മറ്റു ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ ഇന്ത്യ പൂർണമായും നിറം മങ്ങുകയായിരുന്നു. മറുവശത്ത് പിച്ചിൽ നിന്ന് ലഭിച്ച മുഴുവൻ ആനുകൂല്യങ്ങളും ഓസ്ട്രേലിയൻ ബോളർമാർ അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിക്കുന്നതാണ് കണ്ടത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കം തന്നെയാണ് നായകൻ രോഹിത് ശർമ നൽകിയത്. ടൂർണമെന്റിലെ മറ്റു മത്സരങ്ങളിലെത് പോലെ തന്നെ ആദ്യ ഓവറുകളിൽ അടിച്ചു തകർക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചു. ഓസ്ട്രേലിയൻ ബോളർമാരെ പവർപ്ലെയിൽ തന്നെ രോഹിത് സമ്മർദ്ദത്തിലാക്കി. മത്സരത്തിൽ 31 പന്തുകളിൽ 47 റൺസാണ് ഇന്ത്യൻ നായകൻ നേടിയത്. 4 ബൗണ്ടറികളും 3 സിക്സറുകളും ഇന്നിംഗ്സിൽ ഉൾപ്പെട്ടു. എന്നാൽ മറുവശത്ത് ശുഭ്മാൻ ഗിൽ 4 റൺസിന് പുറത്തായത് ഇന്ത്യയെ ബാധിച്ചിരുന്നു. രോഹിത് പുറത്തായ ശേഷം ശ്രേയസ് അയ്യരും(4) വലിയ പ്രകടനം കാഴ്ചവെക്കാതെ കൂടാരം കയറിയതോടെ ഇന്ത്യ 81ന് 3 എന്ന നിലയിൽ തകരുകയായിരുന്നു.
ശേഷം വിരാട് കോഹ്ലിയും രാഹുലും ചേർന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റാൻ ശ്രമിച്ചു. വേണ്ട രീതിയിൽ സ്കോറിങ് റേറ്റ് ഉയർത്താൻ സാധിച്ചില്ലെങ്കിലും ക്രീസിലുറക്കാനാണ് ഇരുവരും ശ്രമിച്ചത്. കോഹ്ലി മത്സരത്തിൽ 63 പന്തുകളിൽ 54 റൺസ് നേടുകയുണ്ടായി. എന്നാൽ നിർണായ സമയത്ത് കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായത് ഇന്ത്യയെ ബാധിച്ചു.
ഒരുവശത്ത് രാഹുൽ തനിക്കാവുന്ന തരത്തിൽ ക്രീസിലുറക്കാൻ ശ്രമിച്ചെങ്കിലും സ്കോറിംഗ് റേറ്റ് ആദ്യ സമയങ്ങളിൽ ഉയർത്തുന്നതിൽ പരാജയപ്പെട്ടിരുന്നു. എന്നിരുന്നാലും പക്വതയാർന്ന ഒരു ഇന്നിംഗ്സ് തന്നെയാണ് രാഹുൽ മത്സരത്തിൽ കാഴ്ചവച്ചത്. മത്സരത്തിൽ രാഹുൽ 107 പന്തുകളിൽ 66 റൺസാണ് നേടിയത്. എന്നാൽ രാഹുൽ പുറത്തായ ശേഷം ഇന്ത്യയുടെ ഡ്രസിങ് റൂമിലേക്ക് ഒരു ഘോഷയാത്ര തന്നെയാണ് നടന്നത്. ഇതോടെ ഇന്ത്യയുടെ ഇന്നിങ്സ് 240 എന്ന സ്കോറിൽ അവസാനിക്കുകയായിരുന്നു.