അഞ്ചു വിക്കറ്റുമായി ജഡേജ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ |World Cup 2023

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 243 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിന്റെ എല്ലാ മേഖലകളിലും കൃത്യമായി ആധിപത്യം സ്ഥാപിച്ചായിരുന്നു ഇന്ത്യ വിജയം കണ്ടത്. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താൻ സാധിച്ചത് ഇന്ത്യയ്ക്ക് വലിയ ആവേശം നൽകുന്നുണ്ട്.

മത്സരത്തിൽ ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയത് വിരാട് കോഹ്ലിയും ശ്രേയസ് അയ്യരുമായിരുന്നു. മത്സരത്തിൽ കോഹ്ലി സെഞ്ച്വറി നേടുകയുണ്ടായി. ബോളിങിൽ രവീന്ദ്ര ജഡേജ അടക്കമുള്ളവർ മികവ് പുലർത്തിയപ്പോൾ മത്സരത്തിൽ ഇന്ത്യ അനായാസം വിജയം കണ്ടു.മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി നായകൻ രോഹിത് ശർമ വളരെ മികച്ച തുടക്കമാണ് നൽകിയത്. 24 പന്തുകൾ നേരിട്ട രോഹിത് 6 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 40 റൺസ് നേടുകയുണ്ടായി.

രോഹിത്തിന് ശേഷം ക്രീസിലെത്തിയ വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും വളരെ പക്വതയോടെ ദക്ഷിണാഫ്രിക്കൻ ബോളിഗ് നിരയെ നേരിട്ടു. വിരാട് കോഹ്ലി അങ്ങേയറ്റം ശാന്തനായാണ് ഇന്നിങ്സ് കെട്ടിപ്പടുത്തത്. മത്സരത്തിൽ 119 പന്തുകളിൽ നിന്നായിരുന്നു കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. കോഹ്ലിയുടെ ഏകദിന കരിയറിലെ 49 ആമത്തെ സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്. ശ്രേയസ് അയ്യര്‍ മത്സരത്തിൽ 87 പന്തുകളിൽ 77 നേടി. ഇരുവരുടെയും മികവിന്റെ ബലത്തിൽ നിശ്ചിത 50 ഓവറുകളിൽ 326 എന്ന സ്കോറിൽ ഇന്ത്യ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനീറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം തന്നെ പാളി. മുൻനിര ബാറ്റർമാരൊക്കെയും ചെറിയ സമയത്തിനുള്ളിൽ കൂടാരം കയറിയതോടെ ദക്ഷിണാഫ്രിക്ക ആകെ പതറി. ഇന്ത്യൻ നിരയിൽ പേസർമാർ ആദ്യം കത്തിജ്വലിച്ചു പിന്നീട് ജഡേജയുടെ സ്പിൻ തന്ത്രങ്ങൾ കൂടിയായതോടെ ദക്ഷിണാഫ്രിക്കയുടെ ആശയങ്ങൾ പാളുകയായിരുന്നു. മത്സരത്തിൽ ജഡേജ ഇന്ത്യക്കായി നിശ്ചിത 9 ഓവറുകളിൽ 33 റൺസ് മാത്രം വിട്ടു നൽകി 5 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മുഹമ്മദ് ഷാമിയും കുൽദീപ്പും മത്സരത്തിൽ 2 വിക്കറ്റുകളുമായി ജഡേജയ്ക്ക് പിന്തുണ നൽകി. ഇന്ത്യയുടെ ലോകകപ്പിലെ തുടർച്ചയായ എട്ടാം വിജയമാണിത്.

Rate this post