ലോകകപ്പ് യോഗ്യത റൗണ്ടിൽ കുവൈത്തിന്റെ മണ്ണിൽ മിന്നുന്ന ജയവുമായി ഇന്ത്യ | India beat Kuwait 1-0 

2026 ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിൽ കുവൈത്തിനെതീരെ തകർപ്പൻ ജയവുമായി ഇന്ത്യ. കുവൈറ്റിലെ ജാബർ അൽ-അഹമ്മദ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന്റെ ജയമാണ് ഇന്ത്യ നേടിയത്.75-ാം മിനിറ്റിൽ മൻവീർ സിംഗ് നേടിയ ഗോളിനായിരുന്നു ഇന്ത്യയുടെ ജയം.ലാലിയൻസുവാല ചാങ്‌ടെയുടെ ക്രോസിൽ നിന്നനായിരുന്നു മൻവീറിന്റെ ഗോൾ പിറന്നത്.

കുവൈത്തിന്റെ ഫൈസൽ സായിദ് അൽ-ഹർബി രണ്ടാം പകുതിയുടെ സ്റ്റോപ്പേജ് ടൈമിൽ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു.മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ കുവൈറ്റ് തങ്ങളുടെ ആക്രമണം വർധിപ്പിച്ചെങ്കിലും ഉറച്ച ബാക്ക്‌ലൈനിന്റെ സഹായത്തോടെ ഗുർപ്രീത് സിംഗ് സന്ധു കുവൈറ്റ് സിറ്റിയിൽ ക്ലീൻ ഷീറ്റ് നിലനിർത്തി.ഇതോടെ ​ഗ്രൂപ്പ് എയിൽ എല്ലാ ടീമുകളും ഓരോ മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഖത്തറിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

ഏഷ്യൻ ചാമ്പ്യൻ ഖത്തറുമായി നവംബർ 21ന് ഭുവനേശ്വറിലാണ് ഇന്ത്യയുടെ അടുത്ത മത്സരം.ഖത്തർ, കുവൈറ്റ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ, ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മൂന്നാം റൗണ്ടിലേക്ക് മുന്നേറും.ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ 2027 എഎഫ്‌സി ഏഷ്യൻ കപ്പിന് യോഗ്യത നേടും.

എഎഫ്‌സിയുടെ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് രിക്കലും മൂന്നാം റൗണ്ടിലേക്ക് മുന്നേറാനായിട്ടില്ല.ലോക റാങ്കിങ്ങിൽ 106-ാം സ്ഥാനത്തുള്ള ഇന്ത്യ ജൂലൈയിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കുവൈത്തിനെ (149) തോൽപിച്ചിരുന്നു.

Rate this post