ഐ‌എസ്‌എൽ പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടി കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ |Adrian Luna

2023 ഒക്ടോബറിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) പ്ലെയർ ഓഫ് ദി മന്ത് അവാർഡ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ക്യാപ്റ്റൻ അഡ്രിയാൻ ലൂണ നേടി.വോട്ടിംഗ് മാനദണ്ഡമനുസരിച്ച് ആരാധകരുടെ വോട്ടുകൾ മൊത്തം വോട്ട് ഷെയറിന്റെ 50% സംഭാവന ചെയ്യുന്നു, ബാക്കി 50% വിദഗ്ധരുടെ വോട്ടുകളിൽ നിന്നാണ്.

നവംബർ 22ന് ഉച്ചകഴിഞ്ഞ് 3 മണിക്കും നവംബർ 24ന് 3 മണിക്കും ഇടയിൽ ലഭിച്ച ആരാധകരുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ലൂണ അവാർഡ് നേടിയത്. വിദഗ്ധരിൽ നിന്ന് 10 വോട്ടുകളും 80% ആരാധകരുടെ വോട്ടുകളും നേടിയപ്പോൾ അദ്ദേഹത്തിന്റെ മൊത്തം ശതമാനം 90% ആയി.31 കാരനായ മിഡ്‌ഫീൽഡർ, സഹതാരം സച്ചിൻ സുരേഷ്, എഫ്‌സി ഗോവയുടെ ജയ് ഗുപ്ത, ജംഷഡ്പൂർ എഫ്‌സിയുടെ റെഹനേഷ് ടിപി എന്നിവരിൽ നിന്നുള്ള കടുത്ത മത്സരത്തിനൊടുവിലാണ് അവാർഡ് സ്വന്തമാക്കിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒക്ടോബറിൽ നാല് മത്സരങ്ങളിൽ കളിച്ചിരുന്നു. രണ്ടു വിജയവൻ ഒരു തോൽവിയും സമനിലയും ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയിരുന്നു. അത്രയും മത്സരങ്ങളിൽ നിന്നും രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയ ലൂണ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ലൂണയുടെ ഒക്ടോബര് മാസത്തെ അസാധാരണമായ പ്രകടനം അദ്ദേഹത്തിന് അർഹമായ അംഗീകാരം നേടിക്കൊടുത്തു.ഈ സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമാണ് ഉറുഗ്വായൻ മിഡ്ഫീൽഡർ.

ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഗോൾ നേടുന്നതിലും നിർണായക പങ്ക് വഹിച്ചു.ഇന്നലെ കൊച്ചിയിൽ ഹൈദെരാബാദിനെതിരെയുള്ള മത്സരത്തിലും ലൂണ മികച്ച പ്രകടനം പുറത്തെടുത്തു. മത്സരത്തിലെ വിജയ ഗോൾ നേടിയ ഡ്രിസിച്ചിന് അസിസ്റ്റ് നൽകിയത് ലൂണ ആയിരുന്നു.