വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ : വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരയ്ക്കെതിരെ കേരളത്തിന് തകർപ്പൻ ജയം
വിജയ് ഹസാരെ ട്രോഫിയിലെ ത്രിപുരയ്ക്കെതിരായ മത്സരത്തിൽ ഒരു ഉഗ്രൻ വിജയം സ്വന്തമാക്കി കേരള ടീം. മത്സരത്തിൽ 119 റൺസിന്റെ തകർപ്പൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിനായി മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത് ഓപ്പണർമാരായ മുഹമ്മദ് അസറുദ്ദീനും രോഹൻ കുന്നുമ്മലും ആയിരുന്നു. ഇരുവരും മികച്ച തുടക്കം കേരളത്തിന് നൽകുകയുണ്ടായി.
ശേഷം ബോളിങ്ങിൽ അഖിൽ സ്കറിയ, അഖിൻ, വൈശാഖ് ചന്ദ്രൻ എന്നിവർ മികവ് പുലർത്തിയപ്പോൾ മത്സരത്തിൽ അനായാസം കേരളം വിജയം സ്വന്തമാക്കുകയായിരുന്നു. കേരളത്തിന്റെ ടൂർണമെന്റിലെ മൂന്നാം വിജയമാണ് മത്സരത്തിൽ പിറന്നത്. മുംബൈയ്ക്കെതിരെ മാത്രമാണ് കേരളം ടൂർണമെന്റിൽ പരാജയപ്പെട്ടിട്ടുള്ളത്.
മത്സരത്തിൽ ടോസ് നേടിയ ത്രിപുര ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് കേരളത്തിന് ഓപ്പണർമാർ നൽകിയത്. മുഹമ്മദ് അസറുദ്ദീനും രോഹൻ കുന്നുമ്മലും ആദ്യ ബോൾ മുതൽ കരുതലോടെയാണ് ത്രിപുരയെ നേരിട്ടത്. ആദ്യ വിക്കറ്റിൽ 95 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാനും ഇരുവർക്കും സാധിച്ചു. മുഹമ്മദ് അസുറുദ്ദീൻ മത്സരത്തിൽ 61 പന്തുകളിൽ 58 റൺസാണ് നേടിയത്. രോഹൻ കുന്നുമ്മൽ 70 പന്തുകളിൽ 44 റൺസ് നേടി.
എന്നാൽ ഇരുവരും പുറത്തായ ശേഷമെത്തിയ സഞ്ജു സാംസൺ(1) അടക്കമുള്ള താരങ്ങൾ ബാറ്റിംഗിൽ പരാജയപ്പെട്ടു. ശേഷം ഏഴാമനായി ക്രീസിലെത്തിയ ശ്രേയസ് ഗോപാലാണ് കേരളത്തിനായി മികവ് പുലർത്തിയത്. 38 പന്തുകളിൽ ശ്രേയസ് 41 റൺസ് സ്വന്തമാക്കി. ഇങ്ങനെ കേരളം 231 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രിപുരയുടെ വിക്കറ്റുകൾ തുടക്കത്തിൽ തന്നെ വീഴ്ത്താൻ കേരളത്തിന് സാധിച്ചു. ഇതോടെ കേരളം മത്സരത്തിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
ത്രിപുര ബാറ്റിംഗ് നിരയിൽ 34 പന്തുകളിൽ 46 റൺസ് നേടിയ ദെയ് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. ദേയുടെ ഇന്നിംഗ്സിൽ ഒരു ബൗണ്ടറിയും 5 സിക്സറുകളും ഉൾപ്പെട്ടു. മറ്റു ബാറ്റർമാരൊക്കെയും പരാജയപ്പെട്ടപ്പോൾ ത്രിപുര കേവലം 112 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കേരളത്തിനായി അഖിൽ സ്കറിയയും അഖിനും 3 വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി. വൈശാഖ് ചന്ദ്രൻ 2 വിക്കറ്റുകളാണ് മത്സരത്തിൽ നേടിയത്.