‘ഇന്ത്യയുടെ യഥാർത്ഥ ഹീറോ’ : ഓരോവർ കൊണ്ട് കളിയുടെ ഗതി മാറ്റിമറിച്ച മുകേഷ് കുമാർ | Mukesh Kumar

ഓസ്ട്രേലിയക്ക് എതിരായ അഞ്ചാം ടി :20യിൽ മികച്ച വിജയമാണ് ഇന്ത്യൻ നേടിയത്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ആറു റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ തോൽവി ഉറപ്പിച്ച ടീം ഇന്ത്യക്ക് മുൻപിൽ രക്ഷകരായി എത്തിയത് ലാസ്റ്റ് ഓവറുകൾ എറിഞ്ഞ മുകേഷ് കുമാർ അർഷദീപ് സിംഗ് എന്നിവരായിരുന്നു.ഓസ്ട്രേലിയക്ക് ജയിക്കാൻ ലാസ്റ്റ് രണ്ടു ഓവറിൽ വേണ്ടിയിരിന്നത് വെറും 17 റൺസാണ്.

ഇവിടെ നിന്നാണ് ഇന്ത്യൻ സംഘം ജയം പിടിച്ചെടുത്തത്. പത്തൊൻപതാം ഓവർ എറിഞ്ഞ മുകേഷ് കുമാർ ഏഴു റൺസാ മാത്രമാണ് വിട്ടുകൊടുത്തത്.ലാസ്റ്റ് ഓവർ എറിഞ്ഞ അർഷദീപ് മാത്യു വെയ്‌ഡിനെ പുറത്താക്കുകയും വെറും 3 റൺസ് മാത്രം വിട്ടുകൊടുത്ത് ഇന്ത്യൻ ജയം പൂർത്തിയാക്കുകയും ചെയ്തു. മത്സരത്തിൽ മുകേഷ് കുമാറിന്റെ പ്രകടനം പറയേണ്ടതാണ്.തന്റെ നാല് ഓവറിൽ 3/32 എന്ന നിലയിൽ ഫിനിഷ് ചെയ്ത അദ്ദേഹം ഇന്ത്യയെ ആറ് റൺസിന് വിജയിപ്പിക്കുന്നതിൽ നിർണായകമായിരുന്നു.ടി20 ഐ ക്രിക്കറ്റിലെ മുകേഷിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്.

ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത് മുകേഷ് കുമാറിന്റെ രണ്ട് ഓവറുകൾ ആണെന്ന് പറയേണ്ടി വരും.പതിനേഴാം ഓവറിലെ രണ്ടുവിക്കറ്റും പത്തൊമ്പതാം ഓവറിലെ കണിശതയാർന്ന ബൗളിങ്ങുമാണ് ഇന്ത്യൻ വിജയം സാധ്യമാക്കി തന്നത്.മൂന്നാം ഓവറിൽ ജോഷ് ഫിലിപ്പിനെ പുറത്താക്കി മുകേഷ് ഇന്ത്യക്ക് മികച്ച തുടക്കം നൽകി.പിന്നീട് 17-ാം ഓവറിൽ മാത്യു ഷോർട്ട് ബെന്‍ ഡൗര്‍ഷിയൂസ് എന്നിവരെ പുറത്താക്കി കളി ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയെടുത്തു.തൊട്ടടുത്ത പന്തുകളില്‍ മുകേഷ് വീഴ്ത്തിയ വിക്കറ്റുകള്‍ ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കുകയും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയും ചെയ്തു.

ആവേശ് ഖാന്‍ പതിനെട്ടാം ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്തെങ്കിലും മുകേഷ് തൊട്ടടുത്ത ഓവറില്‍ വെറും 7 റണ്‍സാണ് അനുവദിച്ചത്. ആ ഓവർ കഴിഞ്ഞതോടെ ഇന്ത്യക്ക് വിജയിക്കാം എന്ന വിശ്വാസം വരികയും ചെയ്തു.ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഏതു സമയത്തും ആശ്രയിക്കാവുന്ന ബൗളറാണ് താനെന്ന് ഈ പരമ്പരയിലൂടെ താരം തെളിയിച്ചിരിക്കുകയാണ് മുകേഷ്.ഇന്ത്യയിലെ ബാറ്റിംഗ് പിച്ചുകളില്‍ ഇത്രയും നല്ലരീതിയില്‍ പന്തെറിയുന്ന താരത്തിന് വിദേശ പിച്ചുകളില്‍ ഇതിലും മികച്ച തലത്തിലേക്ക് ഉയരാന്‍ സാധിക്കുമെന്ന് ഉറപ്പാണ്.