കാത്തിരിപ്പിന് അവസാനം , ലയണൽ മെസിയും അര്‍ജന്‍റീനയും ഒക്ടോബറിൽ കേരളത്തിലെത്തും | Lionel Messi

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തും. ഒക്ടോബർ 25 ന് താരം കേരളത്തിൽ എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. കോഴിക്കോട് നടന്ന ഒരു പരിപാടിയിൽ മെസ്സി ഏഴ് ദിവസം കേരളത്തിൽ ഉണ്ടാകുമെന്ന് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.

നേരത്തെ തീരുമാനിച്ച സൗഹൃദ മത്സരത്തിന് പുറമെ പൊതുപരിപാടിയിലും മെസ്സി പങ്കെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി 20 മിനിറ്റ് അനുവദിച്ചിട്ടുണ്ട്. ആരാധകർക്ക് മെസ്സിയുമായി സംവദിക്കാൻ അവസരം നൽകാമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അധികൃതരും അബ്ദുറഹ്മാനും സമ്മതിച്ചിട്ടുണ്ട്. അർജന്റീന ഏത് ടീമിനെതിരെയാണ് കളിക്കേണ്ടതെന്ന് ഉടൻ തീരുമാനിക്കും. കൂടുതൽ വിവരങ്ങൾ മന്ത്രി നൽകിയില്ല.അര്‍ജന്‍റൈന്‍ ടീമിനെ കേരളത്തിലേക്ക് എത്തിക്കുമെന്ന് കഴിഞ്ഞ വർഷം നവംബറിലാണ് മന്ത്രി വി അബ്‌ദുറഹ്മാൻ പ്രഖ്യാപിച്ചത്.

ഖത്തര്‍ ലോകകപ്പില്‍ കിരീടം ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യയില്‍ സൗഹൃദമത്സരം കളിക്കാന്‍ തയ്യാറാണെന്ന് അര്‍ജന്‍റൈന്‍ ടീം ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ അറിയിച്ചിരുന്നു. എന്നാല്‍ വന്‍ ചെലവ് ചൂണ്ടിക്കാട്ടി അസോസിയേഷന്‍ ഇതു നിരസിച്ചു.ഇതോടെയാണ് മെസിയേയും സംഘത്തേയും കേരളത്തിലേക്ക് എത്തിക്കാന്‍ സംസ്ഥാന കായിക വകുപ്പ് നീക്കം തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി മന്ത്രി വി. അബ്‌ദുറഹ്മാൻ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ചു.

അനുകൂല നിലപാട് അറിയിച്ചതോടെ സ്‌പെയിനില്‍ വച്ച് അദ്ദേഹം അര്‍ജന്‍റീന ടീം മാനേജ്‌മെന്‍റുമായി ചര്‍ച്ച നടത്തിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ അർജന്റീന റിപ്പബ്ലിക്കിന്റെ അംബാസഡറെ സന്ദർശിക്കുകയും സംസ്ഥാനത്തെ ഫുട്ബോൾ വികസനത്തിനായി അർജന്റീനയുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കേരളത്തിൽ രണ്ട് മത്സരങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മെസ്സി ഉൾപ്പെടെയുള്ള അർജന്റീന ടീം 2011 ൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കളിച്ചിരുന്നു. വെനിസ്വേലയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സി അർജന്റീനയുടെ ക്യാപ്റ്റനായിരുന്നു.

Rate this post