❝സഞ്ജു രോഹിത് ശർമ്മയെ പോലെ ; വ്യത്യസ്ത നിരീക്ഷണം നടത്തി മുൻ ഇന്ത്യൻ താരം❞

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അയർലൻഡ് പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് സഞ്ജു സാംസൺ തിരിച്ചെത്തിയത്. ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിന് പരിക്ക് പറ്റിയതിനെ തുടർന്ന് ഓപ്പണറുടെ സ്ഥാനത്തേക്ക് അപ്രതീക്ഷിതസ്ഥാനക്കയറ്റം ലഭിച്ച സഞ്ജു, തനിക്ക് ലഭിച്ച അവസരം മുതലെടുക്കുകയും ദേശീയ സെലക്ടർമാരുടെയും ആരാധകരുടെയും പ്രതീക്ഷകൾ കാത്തുസൂക്ഷിക്കുകയും ചെയ്തു. 42 പന്തിൽ 77 റൺസ് നേടിയ സഞ്ജു, ദീപക് ഹൂഡയുമായി ചേർന്ന് റെക്കോർഡ് കൂട്ടുകെട്ടും സൃഷ്ടിച്ചിരുന്നു.

ഇപ്പോൾ, ക്രിക്കറ്റ് ലോകത്തിന്റെ നാനാഭാഗത്ത് നിന്നും സഞ്ജുവിനെ തേടി പ്രശംസകൾ ഒഴുകിയെത്തുകയാണ്. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര, സഞ്ജുവിന്റെ ബാറ്റിംഗ് സ്റ്റൈലിനെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ബാറ്റിംഗ് സ്റ്റൈലുമായിയാണ്‌ ഉപമിച്ചത്. സഞ്ജുവിന്റെ ഷോട്ട് സെലെക്ഷൻ, രോഹിത് ശർമ്മ ഷോട്ട് തിരഞ്ഞെടുക്കുന്നത് പോലെയാണ് എന്നാണ് ആകാശ് ചോപ്ര പറയുന്നത്.

“സഞ്ജു അവസരത്തിനൊത്ത് തിളങ്ങി. എനിക്ക് അവന്റെ ബാറ്റിംഗ് സ്റ്റൈൽ ഇഷ്ടമാണ്. അവൻ തിരഞ്ഞെടുക്കുന്ന ഷോട്ടുകളെല്ലാം മനോഹരവും ക്വാളിറ്റി ഉള്ളതും ആയിരിക്കും. രോഹിത്തിനെ പോലെയാണ്‌ സഞ്ജുവിന്റെ ബാറ്റിംഗ് സ്റ്റൈൽ. അതെനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. സഞ്ജു അനാവശ്യ ഷോട്ടുകൾ ഒഴിവാക്കാറുണ്ട്. സഞ്ജുവിന് കൂടുതൽ അവസരങ്ങൾ ലഭിക്കും, അവൻ ഇനി ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമായിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ആകാശ് ചോപ്ര പറഞ്ഞു.

വരുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന ടി20 പരമ്പരകൾ ആണ് ഇനി സഞ്ജു സാംസൺ പ്രതീക്ഷ വെക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അവസരം ലഭിക്കുകയും സഞ്ജുവിന് തിളങ്ങാൻ സാധിക്കുകയും ചെയ്താൽ, തീർച്ചയായും ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ സഞ്ജു ഇന്ത്യൻ ടീമിന്റെ ഭാഗമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പ്ലെയിങ് ഇലവനിൽ ഏതു സ്ഥാനത്ത് വേണമെങ്കിലും കളിക്കാൻ കെൽപ്പുള്ള സഞ്ജുവിന് തീർച്ചയായും ഇന്ത്യൻ മാനേജ്മെന്റ് അവസരം നൽകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Rate this post