ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഗോൾ നേടിയിട്ടും അൽ ഹിലാലിനെതിരെ തോൽവി വഴങ്ങി ഇന്റർ മയാമി |Inter Miami
സൗദി അറേബ്യയിലെ റിയാദിൽ നടന്ന ക്ലബ് സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്ക് പരാജയം. മൂന്നിനെതിരെ നാല് ഗോളുകൾക്ക് അൽ ഹിലാലാണ് ഇന്റർ മയാമിയെ പരാജയപെടുത്തിയത്. ലയണൽ മെസ്സി , ലൂയി സുവാരസ് , ബുസ്ക്വറ്റ് , ആൽബ എന്നി മുൻ ബാഴ്സലോണ താരങ്ങൾ അണിനിരന്നെങ്കിലും മയാമിക്ക് സൗദി പ്രൊ ലീഗ് ക്ലബ്ബിനെതിരെയുള്ള തോൽവി ഒഴിവാക്കാനായില്ല.
മത്സരം തുടങ്ങി പത്താം മിനുട്ടിൽ തന്നെ അലക്സാണ്ടർ മിട്രോവിച്ചിൻ്റെ ഗോളിലൂടെ അൽ ഹിലാൽ ലീഡ് നേടി. മൂന്നു മിനിട്ടുകൾക്ക് ശേഷം ഇൻ്റർ മിയാമിയുടെ മോശം ക്ലിയറൻസ് മുതലെടുത്ത അബ്ദുല്ല അൽ-ഹംദൻ സൗദി ക്ലബ്ബിന്റെ രണ്ടാം ഗോളും നേടി. 34 ആം മിനുട്ടിൽ ലൂയി സുവാരസിന്റെ ഗോളിലൂടെ മയാമി തിരിച്ചടിച്ചു. അമേരിക്കൻ ക്ലബ്ബിൽ ചേർന്നതിനു ശേഷമുള്ള ഉറുഗ്വേൻ താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. മെസ്സി മയാമിയുടെ സമനില ഗോൾ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.
44 ആം മിനുട്ടിൽ മൈക്കൽ ഡെൽഗാഡോയുടെ ഹെഡ്ഡറിലൂടെ അൽ ഹിലാൽ ലീഡ് ഉയർത്തി. ഇടവേളക്ക് പിരിയുമ്പോൾ 3 -1 ആയിരുന്നു സ്കോർ. 54 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും ലയണൽ മെസ്സി നേടിയ ഗോളിലൂടെ മയാമി സ്കോർ 3 -2 ആക്കി കുറച്ചു. 55 ആം മിനുട്ടിൽ നേടിയ ഗോളോടെ ഡേവിഡ് റൂയിസ് മിയാമിയെ കളിയിലേക്ക് തിരികെയെത്തിച്ചു. അതിനു ശേഷം ഇരു ടീമുകളും വിജയാ ഗോളിനായി ആക്രമിച്ചു കളിച്ചു.ഇരുടീമുകൾക്കും വിജയം ഉറപ്പിക്കാൻ അവസരങ്ങളുണ്ടായിരുന്നു.
88-ാം മിനിറ്റിൽ യാസിർ അൽ ഷഹ്റാനി നൽകിയ ക്രോസിൽ നിന്നും മാൽക്കം അൽ ഹിലാലിന്റെ വിജയ ഗോൾ നേടി. കഴിഞ്ഞ രണ്ടു പ്രീ സീസൺ മത്സരങ്ങളിലും ഇന്റർ മയമിക്ക് ജയിക്കാൻ സാധിച്ചിരുന്നില്ല.എൽ സാൽവഡോറുമായുള്ള സമനിലയ്ക്കും എഫ്സി ഡാളസിനോട് തോൽവിയും നേരിട്ടിരുന്നു. അടുത്ത മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറാണ് മയാമിയുടെ എതിരാളികൾ.