അർജന്റീനയെ തുടർച്ചയായ രണ്ടാം കോപ്പ കിരീടത്തിലേക്ക് നയിക്കാൻ ലയണൽ മെസ്സി | Lionel Messi

കോപ്പ അമേരിക്ക ആദ്യ സെമി ഫൈനലില്‍ കാനഡയെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍. നായകന്‍ ലയണല്‍ മെസ്സി ടൂര്‍ണമെന്റില്‍ ആദ്യമായി ഗോളടിച്ച മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്ജന്റീന വിജയം നേടിയത്.ആദ്യ പകുതിയില്‍ ജൂലിയന്‍ അല്‍വാരസും രണ്ടാം പകുതിയില്‍ മെസ്സിയും ഗോള്‍ നേടി.

വ്യാഴാഴ്ച പുലര്‍ച്ചെ നടക്കുന്ന കൊളംബിയ-യുറഗ്വായ് രണ്ടാം സെമി ഫൈനല്‍ വിജയികളെയാണ് ഫൈനലില്‍ നേരിടുക.ഈ ടൂർണമെന്റിലെ മെസിയുടെ ആദ്യ ഗോളാണിത്. ആറ് വ്യത്യസ്ത കോപ്പ അമേരിക്ക എഡിഷനുകളിലും സ്കോർ ചെയ്ത താരമായി ലയണൽ മെസ്സി മാറുകയും ചെയ്തു. അര്ജന്റീന ജേഴ്സിയിൽ മെസ്സി നേടുന്ന 109 ആം ഗോളായിരുന്നു ഇത്.അന്താരാഷ്ട്ര ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമായി അര്‍ജന്റൈന്‍ മാറുകയും ചെയ്തു.ഇറാന്‍ മുന്‍ താരം അലി ദേയിയെ മറികടന്നാണ് മെസ്സി രണ്ടാമതെത്തിയത്.

108 ഗോളോടെ അലി ദേയിക്കൊപ്പമായിരുന്നു മെസ്സി. നിലവില്‍ മെസ്സിക്ക് 109 ഗോളുകളായി. 130 ഗോളുകളോടെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാംസ്ഥാനത്ത്.2007, 2015, 2016, 2019, 2021, 2024 വര്ഷങ്ങളിലെ കോപ്പയിൽ മെസ്സി ഗോൾ നേടിയിട്ടുണ്ട്.

“ഈ ഗ്രൂപ്പ് ഇപ്പോൾ ചെയ്തുതീർത്തത് വളരെ ഭ്രാന്തമായി തോന്നുന്നു.ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞങ്ങൾ എല്ലാ ഫൈനലുകളും കളിക്കുന്നു എന്നുള്ളതാണ്.ഒരു നാഷണൽ ടീം എന്ന നിലയിൽ ഞങ്ങൾ അനുഭവിച്ചു പോരുന്നതെല്ലാം ഞങ്ങൾ പരമാവധി ആസ്വദിക്കേണ്ടതുണ്ട്.ഞങ്ങൾ നേടിയതെല്ലാം വളരെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. തീർച്ചയായും അതിന്റെ അഡ്വാന്റെജ് ഞങ്ങൾ കൈപ്പറ്റേണ്ടതുണ്ട്,ഇത് കഠിനമായ കോപ്പയാണ്, വളരെ കഠിനമാണ്, കനത്ത താപനിലയാണ്. ഞങ്ങൾ വീണ്ടും ഒരു ഫൈനലിൽ എത്തിയിരിക്കുന്നു എന്നത് എടുത്തുപറയേണ്ടതാണ്.ഇവ അവസാന യുദ്ധങ്ങളാണെന്ന് എനിക്കറിയാം, ഞാൻ അവ പൂർണ്ണമായി ആസ്വദിക്കുന്നു” മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മെസ്സി പറഞ്ഞു.

അര്ജന്റീന അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നു പോവുന്നത് കഴിഞ്ഞ 10 വർഷത്തിനിടെ നിരവധി ഫൈനലുകൾ അർജന്റീന കളിച്ചു കഴിഞ്ഞു.തുടർച്ചയായ മൂന്നാം ഫൈനലാണ് മെസ്സിയും അർജന്റീനയും കളിക്കുന്നത്.

Rate this post