‘ചാമ്പ്യൻസ് ലീഗ് = റയൽ മാഡ്രിഡ്’ : അവസാന മിനിറ്റുകളിൽ ഇരട്ട ഗോളുകൾ നേടി ബയേണിനെ വീഴ്ത്തി റയൽ ഫൈനലിൽ | Real Madrid
ബയേണ്‍ മ്യൂണിച്ചിനെ സെമിയില്‍ തകര്‍ത്ത് റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. മാഡ്രിഡില്‍ നടന്ന രണ്ടാം പാദ സെമി മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ വിജയം. ഇരുപാദങ്ങളിലുമായി 4-3 എന്ന അഗ്രഗേറ്റ് സ്കോറോടെയാണ് റയല്‍ ഫൈനലില്‍ പ്രവേശിച്ചത്. ഇന്നലെ നടന്ന രണ്ടാം പാദത്തിൽ 88 ആം മിനുട്ടിൽ വരെ ഒരു ഗോളിന് പിന്നിട്ട നിന്ന റയൽ മാഡ്രിഡ് രണ്ടുഗോൾ തിരിച്ചടിച്ചാണ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്.
ജോസെലുവാണ് റയലിന്റെ രണ്ടു ഗോളുകളും നേടിയത്. മത്സരത്തിന്റെ 68-ാം മിനിറ്റിൽ ബയേണിന് പകരക്കാരനായ അൽഫോൻസോ ഡേവീസ് ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് നേടിയ ഗോളിൽ ലീഡ് നേടിക്കൊടുത്തു. ഹാരി കെയ്ൻ കൊടുത്ത പാസിൽ നിന്നായിരുന്നു ഡേവിഡ് ഗോൾ നേടിയത് . എന്നാൽ 71 ആം മിനുട്ടിൽ റയൽ മാഡ്രിഡ് സമനില ഗോൾ നേടിയെങ്കിലും നാച്ചോ കിമ്മിച്ചിനെ ഫൗൾ ചെയ്തതിനാൽ ഗോൾ നിഷേധിക്കപ്പെട്ടു.
88-ാം മിനിറ്റിൽ മാനുവൽ ന്യൂയറിൻ്റെ പിഴവിൽ നിന്നും പകരക്കാരനായി ഇറങ്ങിയ ജോസെലു സമനില പിടിച്ചു.രണ്ട് മിനിറ്റിന് ശേഷം അൻ്റോണിയോ റൂഡിഗറിൻ്റെ ക്രോസിൽ നിന്ന് ജോസെലു റയലിന്റെ ഫൈനൽ ഉറപ്പാക്കിയ ഗോൾ നേടി.VAR പരിശോധനയെ തുടർന്നാണ് ഗോൾ അനുവദിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ റയൽ മാഡ്രിഡിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്,വിനീഷ്യസ് ജൂനിയറിൽ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ വിനീഷ്യസ് റോഡ്രിഗോ കോംബോയുടെ ഗോൾ ശ്രമം പുറത്തക്ക് പോവുകയും ചെയ്തു. 60 ആം മിനുട്ടിൽ വിനിഷ്യസിന്റെ ഷോട്ട് ന്യൂയർ തടുത്തിടുകയും ചെയ്തു.
പി.എസ്.ജിയെ സെമിയില്‍ തകര്‍ത്ത ഡോര്‍ട്ട്മുണ്ടാണ് ഫൈനലില്‍ റയല്‍ മാഡ്രിഡിന്റെ എതിരാളി. ജൂണ്‍ രണ്ടിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനല്‍.10 വർഷത്തിനിടെ ആറാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലാണ് റയൽ മാഡ്രിഡ് കളിക്കാൻ ഒരുങ്ങുന്നത്.