കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ കൈപിടിച്ചു നടത്തുക വയനാട്ടിലെ ദുരന്തഭൂമിയായ ചൂരൽമലയിലെ കുട്ടികൾ | Kerala Blasters
ഐഎസ്‌എൽ ഫുട്‌ബോൾ 11–-ാംപതിപ്പിലെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുകയാണ്. കൊച്ചിയിൽ രാത്രി 7 .30 ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്‌സിയാണ് എതിരാളി.തിരുവോണം പ്രമാണിച്ച് 50 ശതമാനമാണ് കാണികൾക്കുള്ള ഇരിപ്പിടമാണ് ഒരുക്കിയിട്ടുള്ളത്.മൂന്നുതവണ ഫൈനലിൽ കടന്നിട്ടും കിരീടം നേടാനാകാത്തതിന്റെ നിരാശ ബ്ലാസ്‌റ്റേഴ്‌സിനെ വിട്ടുപോയിട്ടില്ല.
താരകൈമാറ്റത്തിൽ അത്ര മികച്ചതായിരുന്നില്ല ഇക്കുറി ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങൾ. എങ്കിലും മുന്നേറ്റനിരയിൽ നോഹ സദൂയിയെയും സ്‌പാനിഷുകാരൻ ജീസസ് ജിമെനെസിനെയും കൊണ്ടുവരാൻ കഴിഞ്ഞത് നേട്ടമാണ്. മധ്യനിരയിൽ അതുപോലൊരു നീക്കമുണ്ടായില്ല. അഡ്രിയാൻ ലൂണയുടെ ചുമലിലാകും മുഴുവൻ ഭാരവും. തിരുവോണനാളിൽ കൊച്ചി നെഹ്റു സ്‌റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ കൈപിടിച്ചു നടത്തുക വയനാട്ടിലെ ദുരന്തഭൂമിയായ ചൂരൽമലയിലെ കുട്ടികൾ ആയിരിക്കും.
വയനാട്ടിലെ വെള്ളാർമല ജിവിഎച്ച്എസ്എസ്, മുണ്ടക്കൈ എൽപി സ്കൂൾ, മേപ്പാടി ഡബ്ല്യുഎംഒ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള 24 വിദ്യാർഥികൾ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കും.ആഘാതകരമായ അനുഭവങ്ങളിലൂടെ കടന്നുപോയ കുട്ടികൾക്ക് അവരുടെ സങ്കടങ്ങൾ മറന്ന് ആവേശകരമായ മത്സരം ആസ്വദിക്കാൻ അവസരം ലഭിക്കും. വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്ക് അൽപ്പം ആശ്വാസവും സന്തോഷവും നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.
മത്സരത്തിന് മുന്നോടിയായി കോഴിക്കോട്ട് പുതിയ ഷൂസും ജഴ്‌സിയും വാങ്ങുന്നത് ഉൾപ്പെടെയുള്ള പ്രത്യേക അനുഭവമാണ് കുട്ടികൾക്ക് സമ്മാനിക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സ് ഒരുമിച്ചോണം എന്ന ആശയത്തിലാണ് ദുരന്തമേഖലയിലെ കുട്ടികളെയും കൂടെ ചേർക്കുന്നത്. ടീം നേടുന്ന ഓരോ ഗോളിനും ഒരുലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.കളിക്കാരെ കൈപിടിച്ച് ആദ്യ മത്സരത്തിനായി ഗ്രൗണ്ടിലേക്ക് ആനയിക്കുക ഈ കുട്ടികൾ ആയിരിക്കും.