ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങൾ കേരളത്തിൽ നടക്കും|FIFA World Cup 2026

2026 ഫിഫ ലോകകപ്പിന്റെ ഏഷ്യൻ യോഗ്യതാ മത്സരത്തിനായി വേദിയൊരുക്കാൻ കേരള ഫുട്‌ബോൾ അസോസിയേഷനും. ഇന്ത്യ – കുവൈറ്റ് മത്സരങ്ങൾക്കാണ് കെഎഫ്എ ശ്രമിക്കുന്നത്. മത്സരം അനുവദിച്ചാൽ അത് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നടക്കാനാണ് സാധ്യത, രണ്ടാം ഓപ്‌ഷൻ കൊച്ചിയാണ്.

ഖത്തർ, കുവൈറ്റ്, അഫ്ഗാനിസ്ഥാൻ അല്ലെങ്കിൽ മംഗോളിയ എന്നിവരോടൊപ്പം പ്രാഥമിക റൗണ്ട് 2-ലെ ഗ്രൂപ്പ് ‘എ’യിലാണ് ഇന്ത്യ. ഈ വർഷം നവംബർ 16 നും 2024 ജൂൺ 11 നും ഇടയിൽ മത്സരങ്ങൾ നടക്കാനാണ് സാധ്യത.ഈ ടീമുകളിലൊന്നുമായുള്ള ഹോം മത്സരങ്ങളിൽ ഒന്ന് കേരളത്തിൽ വെച്ച് നടത്താനുള്ള നീക്കങ്ങളാണ് കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്നത്.

”ഇന്ത്യ-കുവൈറ്റ് മത്സരത്തിനായി ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഈ ആഴ്ച്ച സ്ഥിരീകരണം ലഭിക്കുമെന്ന് പ്രതീക്ഷ. മൂന്ന് മത്സരങ്ങളാണ് ഇന്ത്യയിൽ നടക്കുക. ആദ്യ മത്സരം നവമ്പറിലാണ്. ആ മത്സരത്തിന് വേദിയൊരുക്കാൻ സമയം മതിയാവില്ല. കൊച്ചിയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ ഫിഫ യോഗ്യതാ മത്സരം നടത്താൻ കെഎഫ്‌എ പദ്ധതിയിട്ടിരുന്നെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾക്കുള്ള വേദി കൂടിയായതിനാൽ അതിൽ ചില പ്രശ്‌നങ്ങളുണ്ട്.’കെഎഫ്‌എ ജനറൽ സെക്രട്ടറി പി. അനിൽകുമാർ സ്‌പോർട്‌സ് സ്റ്റാറിനോട് പറഞ്ഞു.

“ഫെഡറേഷൻ ഭാരവാഹികൾ ഇത് അംഗീകരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. പരിശോധനയ്ക്കു ശേഷമേ ഇവർ സ്ഥിരീകരിക്കൂ. അവർ മഞ്ചേരി സ്വീകരിച്ചില്ലെങ്കിൽ മത്സരം കൊച്ചിയിലേക്ക് മാറ്റേണ്ടി വരും. എല്ലാത്തിനും ഞങ്ങൾക്ക് സർക്കാർ പിന്തുണ ആവശ്യമാണ്, ”അദ്ദേഹം പറഞ്ഞു.

4/5 - (1 vote)