‘റഫറിമാർ കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണെന്ന് എനിക്ക് തോന്നുന്നില്ല’:ഇവാൻ വുകൊമാനോവിച്ച് |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് പത്തു മത്സരങ്ങളിലെ വിലക്കിന് ശേഷം തിരിച്ചുവരികയാണ്.കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറി തെറ്റായ തീരുമാനമെടുത്ത് ഗോൾ അനുവദിച്ചതിനോട് പ്രതിഷേധിച്ചു കളിക്കളം വിട്ട ഇവനെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചത്.ഇപ്പോൾ വിലക്ക് മാറിയ അദ്ദേഹം ഒഡിഷ എഫ്‌സിക്കെതിരായ മത്സരത്തിൽ തിരിച്ചു വരാനൊരുങ്ങുകയാണ്.നാളത്തെ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ പരിശീലകൻ പങ്കെടുക്കുകയും ചെയ്തു.

“റഫറിമാർ പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണെന്ന് എനിക്ക് തോന്നുന്നില്ല. മാനുഷികമായ തെറ്റുകൾ നമ്മൾ കൈകാര്യം ചെയ്യണം. അതിനെ കൈകാര്യം ചെയ്യാനുള്ള വിപുലമായ സാങ്കേതികവിദ്യയില്ല. സാങ്കേതികവിദ്യ ഉപയോഗപ്രദമാകും, അതായിരിക്കണം അടുത്ത ഘട്ടം. എനിക്ക് വ്യക്തിപരമായി റഫറിമാരോട് വിരോധമില്ല” ഇവാൻ വുകൊമാനോവിച്ച് പറഞ്ഞു.

“യുവാക്കൾക്ക് അവസരം നൽകുന്ന ക്ലബ്ബുകളിലൊന്നാണ് ഞങ്ങൾ. ഞങ്ങളുടെ അക്കാദമിയിൽ നിന്ന് മാത്രമല്ല, ഇന്ത്യയിലെ മറ്റു ഭാഗത്ത് നിന്നുമുള്ള യുവ താരങ്ങൾക്ക് ഞങ്ങൾ അവസരം നൽകാറുണ്ട്, അതിൽ ഞങ്ങൾ ശരിക്കും അഭിമാനിക്കുന്നു” ഇവാൻ പറഞ്ഞു.”എനിക്ക് കാത്തിരിക്കാനാവില്ല. ടീമിനൊപ്പമുള്ളപ്പോൾ ഞാൻ ഏറ്റവും സന്തോഷവാനാണ്. ഈ ക്ലബിനൊപ്പമുള്ള വികാരം വ്യത്യസ്തമാണ്, ഞങ്ങൾ ആരാധകർക്ക് വേണ്ടിയാണ് ഫുട്ബോൾ കളിക്കുന്നത്, തിരിച്ചുവരാൻ എനിക്ക് കാത്തിരിക്കാനാവില്ല” ഇവാൻ കൂട്ടിച്ചേർത്തു.

നാളെ കൊച്ചിയിൽ ഒഡിഷക്കെതിരെയുള്ള മത്സരത്തിൽ ഇവാന് വലിയ സ്വീകരണം നൽകാനുള്ള തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും മികച്ച സ്വീകരണങ്ങളിൽ ഒന്നായിരിക്കും ഇതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പരിക്കും വിലക്കും കാരണം അഞ്ചോളം പ്രധാന താരങ്ങൾ ഇല്ലാതെ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ വിജയ വഴിയിൽ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് ഇവാൻ നാളെ ഇറങ്ങുക.

Rate this post