യശസ്വി ജയ്‌സ്വാൾ ഇരട്ട സെഞ്ചുറിയിലേക്ക് , ആദ്യ ദിനം ഇന്ത്യക്ക് മികച്ച സ്കോർ | IND vs ENG

വിശാഖപട്ടണത്ത് നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 336 എന്ന നിലയിലാണ്. ഓപ്പണർ യശസ്വി ജയ്‌സ്വാൾ നേടിയ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 179 റൺസുമായി ജൈസ്വാളും 5 റൺസുമായി അശ്വിനുമാണ് ക്രീസിൽ.

255 പന്തിൽ നിന്നും 17 ഫോറും അഞ്ചു സിക്സുമടക്കമാണ് ജയ്‌സ്വാൾ 178 റൺസ് അടിച്ചു കൂട്ടിയത്.151 പന്തിൽ നിന്നും 11 ഫോറും മൂന്നു സിക്സുമടക്കമാണ് ജയ്‌സ്വാൾ സെഞ്ച്വറി തികച്ചത്.ടോം ഹാർട്ട്‌ലിയെ ഒരു സ്റ്റെപ്പ്-ഔട്ടിലൂടെ സിക്സറിന് പറത്തിയാണ് ഇടംകൈയ്യൻ ബാറ്റർ മൂന്നക്കത്തിലെത്തിയത് .2023ൽ വെസ്റ്റ് ഇൻഡീസിനെതിരായ തൻ്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിലായിരുന്നു ജയ്‌സ്വാളിൻ്റെ ആദ്യ സെഞ്ച്വറി.വെസ്റ്റ് ഇൻഡീസിനെതിരെ 171 റൺസ് നേടിയിരുന്നു.

മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. രോഹിതും ജൈസ്വാളും മികച്ച രീതിയിൽ ഇംഗ്ലീഷ് ബൗളർമാരെ നേരിട്ടു. എന്നാൽ സ്കോർ 40 ൽ നിൽക്കെ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ടമായി. 14 റൺസ് നേടിയ നായകനെ അരങ്ങേറ്റക്കാരൻ ഷോയിബ് ബഷിറിന്റെ പന്തിൽ പോപ്പ് പിടിച്ചു പുറത്താക്കി. മൂന്നാമനായി ക്രീസിലെത്തിയ ഗിൽ ആത്മവിശ്വാസത്തോടെ ബാറ്റിംഗ് തുടങ്ങി.

വലിയൊരു ഇന്നിഗ്‌സിലേക്ക് കുതിക്കുമെന്ന് തോന്നിയെങ്കിലും സ്കോർ 89 ൽ നിൽക്കെ 46 പന്തിൽ നിന്നും അഞ്ചു ബൗണ്ടറികൾ സഹിതം 34 റൺസ് നേടിയ ഗില്ലിനെ ആൻഡേഴ്സൺ പുറത്താക്കി. ടെസ്റ്റിൽ ഗില്ലിന്റെ മോശം ഫോം തുടരുകയാണ്. കളിച്ച 22 ടെസ്റ്റുകളിൽ കരിയറിലെ ശരാശരി 30ൽ താഴെയാണ്. ഒരു അർദ്ധ സെഞ്ച്വറി പോലും നേടാൻ ഗില്ലിനു സാധിച്ചിട്ടില്ല. സ്കോർ 179 ൽ നിൽക്കെ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി, 27 റൺസ് നേടിയ അയ്യരെ ഹാർട്ട്ലി പുറത്താക്കി. സ്കോർ 249 ൽ നിൽക്കെ 32 റൺസ് നേടിയ അരങ്ങേറ്റക്കാരൻ രജത് പട്ടീദാറിനെ രെഹാൻ അഹമ്മദ് ക്‌ളീൻ ബൗൾഡ് ആക്കി. പിന്നാലെ 27 റൺസ് നേടിയ അക്‌സർ പട്ടേലിനെയും ഇന്ത്യക്ക് നഷ്ടമായി. സ്കോർ 330 ൽ നിൽക്കെ 17 റൺസ് നേടിയ ഭരതിനെയും ഇന്ത്യക്ക് നഷ്ടമായി.

Rate this post