തൊട്ടതെല്ലാം പിഴച്ചു , രണ്ടാം ടി 20 യിലും വെസ്റ്റ് ഇൻഡീസിന് മുന്നിൽ മുട്ട് മടക്കി ഇന്ത്യ

വിൻഡിസിനെതിരായ രണ്ടാം ട്വന്റി20യിൽ പരാജയം നേരിട്ട് ഇന്ത്യ. ആദ്യ മത്സരത്തിൽ 4 റൺസിന്റെ പരാജയം നേരിട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ 2 വിക്കറ്റുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ സൂപ്പർതാരം നിക്കോളാസ് പൂരന്റെ ബാറ്റിംഗ് മികവലായിരുന്നു കരീബിയൻ പട വിജയം കണ്ടത്. ഇന്ത്യയെ സംബന്ധിച്ച് വലിയ ഞെട്ടൽ തന്നെയാണ് ഈ പരാജയം ഉണ്ടാക്കിയിരിക്കുന്നത്.

2024 ട്വന്റി20 ലോകകപ്പിനായി യുവനിരയെ പരീക്ഷിക്കുന്ന ഇന്ത്യയ്ക്കേറ്റ തിരിച്ചടി തന്നെയാണ് ഈ ദയനീയ പരാജയം. ടോസ് നേടിയ ഇന്ത്യ നിർണായകമായ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിയായില്ല എന്ന് തോന്നിക്കുന്ന തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഇന്ത്യയുടെ ബാറ്റർമാരൊക്കെയും പവർപ്ലേ ഓവറുകളിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. മാത്രമല്ല ഗിൽ(7) സൂര്യകുമാർ(1) എന്നിവർ ചെറിയ ഇടവേളയിൽ കൂടാരം കയറിയതോടെ ഇന്ത്യയുടെ സ്കോറിങ് വളരെ പതിഞ്ഞ താളത്തിലായി.

ഇന്ത്യയ്ക്കായി മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷനും(27) തിലക് വർമയും ചേർന്ന് തരക്കേടില്ലാത്ത ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയായിരുന്നു. മത്സരത്തിൽ തിലക് വർമ്മ 41 പന്തുകളിൽ 51 റൺസുമായി ടോപ് സ്കോററായി. ഒപ്പം അവസാന ഓവറുകളിൽ നായകൻ ഹർദിക് പാണ്ഡ്യ 18 പന്തുകളിൽ 24 റൺസുമായി കളം നിറഞ്ഞതോടെ ഇന്ത്യ 152 എന്ന സ്കോറിൽ എത്തുകയായിരുന്നു.മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിൻഡീസിനെ ആദ്യ ഓവറിൽ തന്നെ ഹർദിക് പാണ്ഡ്യ ഞെട്ടിച്ചു. വിൻഡിസിന്റെ രണ്ട് വിക്കറ്റുകളാണ് പാണ്ഡ്യ ആദ്യ ഓവറിൽ സ്വന്തമാക്കിയത്. കിങ്(0) ചാൾസ്(2) എന്നിവർ ആദ്യ ഓവറിൽ തന്നെ കൂടാരം കേറിയപ്പോൾ വെസ്റ്റിൻഡീസ് ഒന്ന് വിയർത്തു.

എന്നാൽ നാലാം വിക്കറ്റിൽ നിക്കോളാസ് പൂരനും ക്യാപ്റ്റൻ റോബ്മൻ പവലും ചേർന്ന് വെസ്റ്റിൻഡീസിനെ കൈപിടിച്ചു കയറ്റുകയായിരുന്നു. ഒരു രക്ഷാപ്രവർത്തനത്തിലുപരി വെടിക്കെട്ട് ബാറ്റിംഗിന്റെ പ്രദർശനം തന്നെയാണ് കാണാൻ സാധിച്ചത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 57 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ഇതോടെ മത്സരം ഇന്ത്യയുടെ കയ്യിൽ നിന്ന് വഴുതി പോയി.

പവൽ പുറത്തായ ശേഷമെത്തിയ ഹെറ്റ്മയറും(22) ഇന്ത്യൻ ബോളർമാർക്ക് മേൽ അടിച്ചു തൂക്കിയപ്പോൾ വിൻഡീസ് അനായാസം വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. മത്സരത്തിൽ 40 പന്തുകൾ നേരിട്ട പൂരൻ 67 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. എന്നാൽ പൂരൻ പുറത്തായ ശേഷം ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി. 4 റൺസിനിടയിൽ 4 വിക്കറ്റുകൾ വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ രാജകീയ തിരിച്ചുവരവ്. ഈ സമയത്ത് ഇന്ത്യൻ പ്രതീക്ഷകൾ വർദ്ധിച്ചു.

പക്ഷേ ഒമ്പതാം വിക്കറ്റിൽ അൾസരി ജോസഫും(10) അഖിൽ ഹുസൈനും(16) ക്രീസിൽ ഉറച്ചതോടെ വിൻഡിസ് വിജയം നേടുകയായിരുന്നു. മത്സരത്തിൽ 2 വിക്കറ്റുകളുടെ വിജയമാണ് വെസ്റ്റിൻഡീസ് സ്വന്തമാക്കിയത്. ഇതോടെ വെസ്റ്റിൻഡീസ് ട്വന്റി20 പരമ്പരയിൽ 2-0ന് മുൻപിലെത്തിയിട്ടുണ്ട്. അടുത്ത മത്സരത്തിൽ കൂടെ വിജയം കാണുകയാണെങ്കിൽ വിൻഡിസിന് പരമ്പര സ്വന്തമാക്കാൻ സാധിക്കും.

Rate this post