പ്രതീക്ഷ മെസ്സിയിൽ ! ജയം എന്തെന്നറിയാത്ത 11 മത്സരങ്ങളുമായി ഇന്റർ മിയാമി |Inter Miami

അര്ജന്റീന ഇതിഹാസം ലയണൽ മെസിയെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മേജർ ലീഗ് സോക്കർ ക്ലബ് ഇന്‍റർ മയാമി. എന്നാൽ മെസ്സിയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച ദിവസം തന്നെ ഇന്റർ മിയാമി മേജർ ലീഗ് സോക്കറിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി.

ഇന്ന് നടന്ന മത്സരത്തിൽ സെന്റ് ലൂയിസ് എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇന്റർ മിയാമിയെ തകർത്ത് വിട്ടത്.സെന്റ് ലൂയിസ് ആദ്യ പകുതിയിൽ രണ്ട് ഗോളുകളും രണ്ടാം പകുതിയിൽ ഒരു ഗോളും നേടി. പുതിയ പരിശീലകൻ ജെറാർഡോ മാർട്ടിനോയുടെ കീഴിലുള്ള ആദ്യ മത്സരത്തിൽ തന്നെ ഇന്റർ മിയാമിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.ഈസ്റ്റേൺ കോൺഫറൻസ് ലീഗ് സ്റ്റാൻഡിംഗിൽ ഇപ്പോൾ ഏറ്റവും താഴെയാണ് ഇന്റർ മിയാമി.

കഴിഞ്ഞ ആഴ്‌ച ഡിസി യുണൈറ്റഡുമായി 2-2ന് സമനിലയിൽ പിരിഞ്ഞ മിയാമി തിരിച്ചുവരവിന്റെ സൂചനകൾ നൽകിയിരുന്നു.സെന്റ് ലൂയിസ് സിറ്റി എഫ്‌സി നിലവിൽ MLS വെസ്റ്റേൺ കോൺഫറൻസ് റാങ്കിംഗിൽ മുന്നിലാണ്, ഈ സീസണിൽ മികച്ച ഫോമിലാണ്. എന്നാൽ ഇന്റർ മിയാമി മെയ് 13-ന് ശേഷം ഒരു മത്സരവും ജയിച്ചിട്ടില്ല, അവസാന 11 മത്സരങ്ങളിൽ അവർക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല.

ഇന്നത്തെ മത്സരത്തിൽ 28-ാം മിനിറ്റിലും 40-ാം മിനിറ്റിൽ സാമുവൽ അഡെനിറാനും ടിം പാർക്കറും 80-ാം മിനിറ്റിൽ എഡ്വേർഡ് ലോവൻ മികച്ചൊരു ഫ്രീകിക്കിലൂടെയും ഗോളുകൾക്കായിരുന്നു സെന്റ് ലൂയിസ് വിജയം നേടിയെടുത്തത്. വിജയത്തോടെ അവർ വെസ്റ്റേൺ കോൺഫറൻസിൽ ഒന്നാം സ്ഥാനത്ത് തുടർന്നു.