‘ലോകമെമ്പാടുമുള്ള ആരാധകരുടെ മുഖത്തേക്ക് ചിരി തിരിച്ചെത്തിക്കാൻ സാധിച്ചു,ടീമിനും ക്ലബ്ബിനും വേണ്ടി കളിച്ച എല്ലാ കളിക്കാർക്കും നന്ദി’ : കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് ഇവാൻ വുകോമനോവിച്ച് | Kerala Blasters
കേരളം ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായാണ് ഇവാൻ വുകോമനോവിച്ചിനെ കണക്കാക്കുന്നത്.2021ലാണ് സെർബിയക്കാരനായ ഇവാൻ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. മൂന്നു വർഷം തുടർച്ചയായി ക്ലബിന് പ്ലേ ഓഫ് യോഗ്യത നേടികൊടുത്തെങ്കിലും കിരീടത്തിലേക്ക് എത്താനായില്ല. ഈ സീസണിലും ഇവാന്റെ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള യാത്ര പ്ലെ ഓഫിൽ അവസാനിച്ചു.
ബ്ലാസ്റ്റേഴ്സിൽ നിന്ന് രാജിവച്ച മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ വൈകാരികമായ വിടവാങ്ങൽ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.ക്ലബ്ബുമായി പിരിഞ്ഞതിന് ശേഷം ആദ്യമായാണ് ഇവാൻ ആരാധകർക്കായി സന്ദേശമയക്കുന്നത്. ഇന്നൊരു തുറന്ന കത്തിലൂടെ ഇവാൻ ആരാധകരോട് യാത്ര പറഞ്ഞിരിക്കുകയാണ്.
“പ്രിയപ്പെട്ട കേരളജനതയ്ക്ക്, കണ്ണുകൾ നിറയാതെയും മനസ്സ് ചഞ്ചലമാകാതെയും ഈ വാക്കുകൾ എഴുതാൻ എനിക്ക് കഴിയുന്നില്ല. ജീവിതത്തിൽ മുന്നോട്ടേക്ക് പോകേണ്ട ചില ഘട്ടങ്ങൾ വരും. ക്ലബ്ബിനും എനിക്കും അത്തരമൊരു സാഹചര്യത്തിൽ കൂട്ടായൊരു കഠിനമായ തീരുമാനമെടുക്കേണ്ടി വന്നു. കേരളത്തിൽ വന്നതുമുതൽ എന്നിക്ക് ആദരവും സ്നേഹവും പിന്തുണയും ലഭിച്ചു. ഇവിടെയെത്തിയത് മുതൽ ഈ നാടും നഗരവും എന്നെ വൈകാരികമായി കണക്ട് ചെയ്തു.നിങ്ങൾ എന്റെ കുടുംബം പോലെയായി, എന്റെ വീട്ടുകാരിൽ നിന്ന് അകന്നു നിൽക്കുന്നുവെന്ന തോന്നൽ പോലും എനിക്ക് ഉണ്ടായിരുന്നില്ല, എല്ലാവർക്കും നന്ദി. ഞാൻ യാത്ര പറയുന്നില്ല, എനിക്കറിയാം ജീവിതത്തിൽ എവിടെയെങ്കിലും വച്ച് നമ്മൾ വീണ്ടും കണ്ടുമുട്ടുമെന്ന്” ഇവാൻ എഴുതി.
”എതിരാളികളെ വിറപ്പിക്കുന്നൊരു ഇടമായി കലൂരിലെ ഹോംഗ്രൌണ്ടിനെ നമ്മൾ മാറ്റി. ടീമിനും ക്ലബ്ബിനും വേണ്ടി കളിച്ച എല്ലാ കളിക്കാർക്കും നന്ദി, നിങ്ങളുടെയെല്ലാവരുടേയും സന്ദേശങ്ങൾക്ക് നന്ദി.സസ്പെൻഷന് ശേഷം ഗ്രൌണ്ടിൽ തിരിച്ചെത്തിയ ആ നിമിഷത്തിൽ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് പകരം വയ്ക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല. എന്റെ ജീവിതകാലം മുഴുവൻ ആ നിമിഷങ്ങൾ ഞാൻ സ്മരിക്കും. എല്ലാവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദിയറിയിക്കുന്നു. കേരള ഐലവ് യൂ, ഫോർ എവർ യുവേഴ്സ്, ഇവാൻ ആശാൻ”.