‘180 ഓവറുകള്‍ മത്സരത്തില്‍ ബാക്കിയുണ്ടെങ്കിലും 60-70 ഓവറില്‍ മത്സരം തീര്‍ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’ : ജെയിംസ് ആൻഡേഴ്സൺ | IND vs ENG

വിശാഖപട്ടണത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ 399 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടരുകയാണ് ഇംഗ്ലണ്ട്.മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ശുഭ്മാൻ ഗില്ലിൻ്റെ മികച്ച സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിന് 399 റൺസ് എന്ന വലിയ വിജയലക്ഷ്യം വെച്ചത് .മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ടുള്ളത്. രണ്ട് ദിവസവും ഒന്‍പത് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 332 റണ്‍സ് കൂടി വേണം.28 റണ്‍സെടുത്ത ബെന്‍ ഡുക്കറ്റിന്റെ വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനു നഷ്ടമായത്.. കളിയിൽ തൻ്റെ ടീമിൻ്റെ സാധ്യതകളെക്കുറിച്ച് ആൻഡേഴ്‌സൺ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2022ൽ ബർമിംഗ്ഹാമിൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് 378 റൺസ് പിന്തുടർന്ന് വിജയം നേടിയത് എടുത്തു പറയുകയും ചെയ്തു.ഇന്ത്യ 600 റണ്‍സ് ലക്ഷ്യം മുന്നോട്ടുവെച്ചാലും ഇംഗ്ലണ്ട് പിന്തുടര്‍ന്ന് ജയിക്കുമെന്നും ആൻഡേഴ്സൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു.“കളിയിൽ 180 ഓവർ ബാക്കിയുണ്ടെന്ന് എനിക്കറിയാം, പക്ഷേ ഞങ്ങൾ അത് 60 അല്ലെങ്കിൽ 70 ഓവറിൽ പൂർത്തിയാക്കാൻ ശ്രമിക്കും.മൂന്നാം ദിനം അവസാന സെഷനില്‍ നൈറ്റ് വാച്ച്മാനായി എത്തിയ റെഹാന്‍ അഹമ്മദ് തന്നെ രണ്ട് ബൗണ്ടറികളോടെ തന്‍റെ നിലപാട് വ്യക്തമാക്കിയത് കണ്ടതാണ്. അത് തന്നെയാണ് ഞങ്ങളുടെ സമീപനം.കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾ കളിച്ച)അതേ രീതിയിൽ കളിക്കും “ആൻഡേഴ്സൺ പറഞ്ഞു.

“ഞങ്ങൾ ജയിച്ചാലും തോറ്റാലും അത് പ്രസക്തമല്ല, കാരണം ഞങ്ങൾ വളരെ മത്സരബുദ്ധിയുള്ളവരാണ്, ഞങ്ങൾ കളിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞങ്ങൾ ഒരു പ്രത്യേക രീതിയിൽ കളിക്കാൻ ആഗ്രഹിക്കുന്നു,”41 കാരനായ പേസ് ബൗളർ പറഞ്ഞു.ഇംഗ്ലണ്ട് അവരുടെ ആക്രമണാത്മക സമീപനത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന രീതിയിൽ വിപ്ലവം സൃഷ്ടിച്ചു, ഈ ശൈലി എതിരാളികളുടെ മനസ്സിൽ സംശയം ജനിപ്പിച്ചിട്ടുണ്ടെന്ന് ആൻഡേഴ്സൺ പറഞ്ഞു.

കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം തൻ്റെ ആദ്യ ടെസ്റ്റ് കളിക്കുന്ന ആൻഡേഴ്സൺ, സീം ബൗളിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ട് ഇന്നിംഗ്‌സിലും ഇന്ത്യൻ ബാറ്റ്‌സ്‌മാരെ അസ്വസ്ഥരാക്കുകയും അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.വിക്കറ്റ് ഇപ്പോഴും മികച്ചതാണ്. ചില പന്തുകള്‍ മാത്രം താഴ്ന്നു വരുന്നുവെന്നേയുള്ളുവെന്നും ആൻഡേഴ്സൺ പറഞ്ഞു. നാലാം ദിനം ഒടുവിൽ വിവരം കിട്ടുമ്പോൾ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് നേടിയിട്ടുണ്ട്. 23 റൺസ് നേടിയ രെഹാൻ അഹ്മദിനെ അക്സർ പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കി.

Rate this post