“തുടർച്ചയായ നാലാം ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് , പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്” |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളുടെ റിസേർവ് ടീമുകൾ പങ്കെടുക്കുന്ന ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ നാലാം വിജയം.ഇന്ന് നടന്ന മത്സരത്തിൽ കരുത്തരായ ജെംഷദ്പുർ എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.

രണ്ടു പകുതിയിലുമായി നിഹാൽ സുധീഷ് നേടിയ രണ്ട് ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചത്.ലീ​ഗിലെ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ നാലാം ജയമാണിത്. ലീ​ഗിലെ ആദ്യ മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ വീഴ്ത്തിയ ബ്ലാസ്റ്റേഴ്സ് തൊട്ടടുത്ത മത്സരങ്ങളിൽ മുംബൈ സിറ്റി, ചെന്നൈയിൻ എഫ്സി എന്നിവരേയും പരാജയപ്പെടുത്തിയിരുന്നു.

വിങ്ങർ വിൻസി ബാരെറ്റോയാണ് രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത്.ഇതോടെ ഇതുവരെ കളിച്ച നാല് മത്സരങ്ങളും വിജയിച്ച ബ്ലാസ്റ്റേഴ്‌സ് 12 പോയിന്റുമായി പട്ടികയിൽ ഒന്നാമതെത്തി. മെയ് 4ന് എഫ്‌സി ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.നാല് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ക്ലീൻ ഷീറ്റ് സ്വന്തമാക്കിയെന്നതും ശ്രദ്ധേയമാണ്.

ഏപ്രില്‍ 15ന് ആരംഭിച്ച ആര്‍ എഫ് ഡി എല്‍ ചാമ്പ്യന്‍ഷിപ്പ് മേയ് 12 വരെ നീണ്ടുനില്‍ക്കും. ഏഴ് ഐ എസ് എല്‍ ക്ലബ്ബുകളുടെ അണ്ടര്‍ 23 ടീമുകളും റിലൈന്‍സ് ഫൗണ്ടേഷന്‍ യംഗ് ചാംപ്‌സും (ആര്‍ എഫ് വൈ സി) ഉള്‍പ്പെടെ ആകെ എട്ട് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുക.കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് ഒപ്പം ഹൈദാരാബാദ് എഫ് സി, എഫ് സി ഗോവ, മുംബൈ സിറ്റി എഫ് സി, ബംഗളൂരു എഫ് സി, ചെന്നൈയിന്‍ എഫ് സി, ജംഷഡ്പുര്‍ എഫ് സി ടീമുകളാണ് ഐ എസ് എല്ലില്‍ നിന്നുള്ളത്.