മോഹൻ ബഗാനെതിരെ വിജയം നേടിയെങ്കിലും ഈ കാര്യത്തിൽ നിരാശയുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ | Kerala Blasters

ഐഎസ്എല്ലിന്റെ പത്താം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നുന്ന പ്രകടനം തുടരുകയാണ്. ഇന്ത്യന്‍ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഈ വർഷത്തെ അവസാന മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനെ അവരുടെ കാണികള്‍ക്കു മുന്നില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് മറികടന്നത്. ഒമ്പതാം മിനിറ്റില്‍ ദിമിത്രി ഡയമെന്റക്കോസിന്റെ സൂപ്പര്‍ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം നേടിക്കൊടുത്തത്.

ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ബഗാനെതിരേ ബ്ലാസ്റ്റേഴ്‌സ് വിജയം നേടുന്നത്.സീസണില്‍ തുടര്‍ച്ചയായ മൂന്നാം വിജയം കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് ആഘോഷിച്ചത്. തൊട്ടുമുമ്പത്തെ മല്‍സരങ്ങളില്‍ പഞ്ചാബ്, മുംബൈ സിറ്റി എന്നിവർക്കെതിരെ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു.ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ബ്ലാസറ്റേഴ്‌സ് ഒന്നാംസ്ഥാനവും നേടിയിരിക്കുകയാണ്.12 മല്‍സരങ്ങളില്‍ നിന്നും എട്ടു ജയവും രണ്ടു വീതം തോല്‍വിയും സമനിലയുമടക്കം 26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.മൂന്നു മല്‍സരങ്ങള്‍ കുറച്ചു കളിച്ച എഫ്‌സി ഗോവയാണ് 23 പോയിന്റോടെ രണ്ടാംസ്ഥാനത്ത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് തന്റെ ടീമിന്റെ പ്രകടനത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു.ഈ മാസം നാല് മത്സരങ്ങളിൽ മൂന്നെണ്ണം വിജയിക്കുകയും എഫ്‌സി ഗോവയ്‌ക്കെതിരെ മാത്രം പരാജയം ഏറ്റുവാങ്ങുകയും ചെയ്‌ത ഈ വർഷം മികച്ച രീതിയിൽ പൂർത്തിയാക്കിയതിൽ ഇവാൻ സന്തോഷം പ്രകടിപ്പിച്ചു.അടുത്ത മാസം നടക്കാനിരിക്കുന്ന സൂപ്പർ കപ്പിന് ശേഷം മാത്രമാണ് ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് മത്സരമുള്ളത്.

കലിംഗ സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഷില്ലോങ് ലജോങ്, ജംഷദ്പുർ എഫ്സി, നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സി എന്നിവർക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുക. ഈ വര്ഷം ഒരു പോസിറ്റീവ് നോട്ടിൽ അവസാനിപ്പിക്കുന്നത് വളരെ മികച്ചതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.വെല്ലുവിളികൾ, പരിക്കുകൾ, പ്രധാന കളിക്കാ കളിക്കാരുടെ അഭാവം എന്നിവ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെ ടീമിന്റെ പ്രകടനം അതിശയകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലത്തെ മത്സരത്തിൽ വിജയം നേടിയെങ്കിലും ഈ കാര്യത്തിൽ നിരാശയുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.മത്സരത്തിൽ നിരവധി മികച്ച ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും ഒരു ഗോൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ സാധിച്ചത്.”നമുക്ക് രണ്ട് അവസരങ്ങൾ കൂടി പരിവർത്തനം ചെയ്യാമായിരുന്നു, ആ വശത്ത് ഞങ്ങൾ നിരാശരാണ്” മത്സര ശേഷം ഇവാൻ പറഞ്ഞു. കൂടുതൽ ഗോളുകൾ നേടി ജയിക്കേണ്ട മത്സരം തന്നെയായിരുന്നു ഇത്. ഇരു പകുതികളിലുമായി ഗോളുകൾ നേടാൻ നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാൻ സാധിച്ചില്ല.