വിജയ വഴിയിൽ തിരിച്ചെത്താൻ ഇന്ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു , എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയോട് 2-1 ന് തോറ്റ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അപരാജിത കുതിപ്പ് അവസാനിച്ചിരിക്കുകയാണ്. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ തങ്ങളുടെ ലീഗ് മത്സരത്തിൽ ഇവാൻ വുകോമാനോവിച്ചിന്റെ ടീം വിജയ ട്രാക്കിലേക്ക് മടങ്ങാനുള്ള കഠിന ശ്രമത്തിലാണ്.

പഞ്ചാബ് എഫ്‌സിയുമായുള്ള അവസാന മത്സരം നോർത്ത് ഈസ്റ്റ്സ് സമനില വഴങ്ങിയിരുന്നു. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ ഏറെ പ്രതീക്ഷയോടെയാണ് ഏറ്റുമുട്ടുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളോടെ ഐഎസ്‌എൽ പോയിന്റ് പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്.നാല് പോയിന്റുമായി നോർത്ത് ഈസ്റ്റും സ്റ്റാൻഡിംഗിൽ തൊട്ടുപിന്നിലുണ്ട്.

ബെംഗളൂരു എഫ്‌സിക്കെതിരെയും ജംഷഡ്പൂർ എഫ്‌സിക്കെതിരെയും യഥാക്രമം തുടർച്ചയായി വിജയിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ തകർപ്പൻ തുടക്കം കുറിച്ചത്.അവസാന കളിയിൽ ചുവപ്പ് കാർഡ് കണ്ട മിലോസ് ഡ്രിൻസിച്ച് മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്ക് നേരിടുകയാണ്.പ്രബീർ ദാസിനും മൂന്നു മത്സരങ്ങൾ സസ്‌പെൻഷൻ ലഭിച്ചിരിക്കുകായണ്‌ ഡ്രിൻസിച്ചും പരിക്കിനെത്തുടർന്ന് ഈ സീസണിൽ നിന്ന് പുറത്തായ ഐബൻ ഡോഹ്ലിങ്ങും നോർത്തീസ്റ്റ് യുണൈറ്റഡിനെതിരെ കളിക്കില്ല. ഇവർക്ക് പകരം സന്ദീപ് സിങ്ങും, റൂയിവ ഹോർമിപാമും സ്റ്റാർട്ടിങ്ങ് ഇലവനിലെത്താനാണ് സാധ്യത.

മുംബൈ സിറ്റിക്കെതിരെ പരിക്കേറ്റ ഡിഫൻസീവ് മിഡ്ഫീൽഡർ ജീക്സൺ സിംഗും കളത്തിന് പുറത്താണ്. ടീമിലെ നിർണായക സാന്നിധ്യമായ ജീക്സണിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്. ഫോർവേഡ് ഇഷാൻ പണ്ഡിത പരിക്ക് മാറി കളിക്കാനെത്തുന്നത് ബ്ലാസ്റ്റേഴ്സിന് വലിയ ആശ്വാസമാണ് നൽകുക.താരം പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരുന്നു. ഇതാണ് അടുത്ത മത്സരത്തിൽ താരം തിരിച്ചെത്തുമെന്ന പ്രതീക്ഷ നൽകുന്നത്.

ഈ സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാത്ത താരമാണ് ഇഷാൻ പണ്ഡിറ്റ.പകരക്കാരനായി ഇറങ്ങി ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിയുന്ന താരമാണ് പണ്ഡിറ്റ. മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ അതുപോലെയൊരു താരത്തിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് ഉണ്ടായിരുന്നു.ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തം മൈതാനത്ത് നടന്ന ആദ്യത്തെ രണ്ടു മത്സരങ്ങളിൽ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് നാലാമത്തെ മത്സരത്തിനായി ഇറങ്ങുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (4-2-3-1) : സച്ചിൻ സുരേഷ് (ജികെ), പ്രബീർ ദാസ്, ഹോർമിപം റൂയിവ, പ്രീതം കോട്ടാൽ, സന്ദീപ് സിംഗ്, ഫ്രെഡി, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് ഐമെൻ, അഡ്രിയാൻ ലൂണ, ഡെയ്‌സുകെ സകായ്, ക്വാം പെപ്ര

Rate this post