‘വ്യക്തിപരമായ നാഴികക്കല്ലുകളല്ല, ടീമിനെ ഒന്നാമതെത്തിക്കണം’: 48-ാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കാൻ സിംഗിൾസ് നിഷേധിച്ച വിരാട് കോഹ്‌ലിക്കെതിരെ പൂജാര |World Cup 2023

ഒരു അവിസ്മരണീയ ഇന്നിംഗ്സ് തന്നെയായിരുന്നു ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ താരം വിരാട് കോഹ്ലി കാഴ്ചവച്ചത്. മത്സരത്തിൽ ഒരു പടുകൂറ്റൻ സിക്സർ നേടിയാണ് കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. എന്നാൽ സെഞ്ച്വറി പൂർത്തീകരിക്കാൻ വിരാട് കോഹ്ലി കളിച്ച രീതി ഒരു വിഭാഗം ആരാധകരിൽ വളരെ വലിയ വിമർശനമുണ്ടാക്കി.

ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റിൽ ടീമിന്റെ നെറ്റ് റൺറേറ്റിന് പകരം തന്റെ നാഴികക്കല്ലിന് കോഹ്ലി പ്രാധാന്യം നൽകി എന്ന വിമർശനമായിരുന്നു ഉയരുന്നത്. ഇക്കാര്യത്തിൽ തന്റെ പ്രതികരണം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം ചേതേശ്വർ പൂജാര.മത്സരത്തിൽ സെഞ്ച്വറി നേടുക എന്നതിലുപരിയായി മത്സരം നേരത്തെ ഫിനിഷ് ചെയ്യുക എന്ന കാര്യത്തിലായിരുന്നു വിരാട് കോഹ്ലി ശ്രദ്ധിക്കേണ്ടതെന്നു പൂജാര പറഞ്ഞു.

” സെഞ്ച്വറി നേടുക എന്നതിലുപരി മത്സരം ഏറ്റവും വേഗതയിൽ ഫിനിഷ് ചെയ്യുക എന്നതിനായിരുന്നു ഞാൻ പ്രാധാന്യം നൽകിയിരുന്നത്. പോയിന്റ്സ് ടേബിളിന് മുകളിൽ എത്താനായി നമുക്ക് നെറ്റ് റൺറേറ്റ് ആവശ്യമായിരുന്നു. ഇത്തരത്തിൽ നമ്മൾ നെറ്റ് റൺറേറ്റിനായി പൊരുതുന്ന ഒരു സാഹചര്യത്തിൽ മറ്റു മാനദണ്ഡങ്ങളൊന്നും തന്നെ നോക്കേണ്ട കാര്യമില്ല. “- പൂജാര പറയുന്നു.

“ഇത്തരം സാഹചര്യങ്ങളിൽ ബാറ്റർമാർ ചില ത്യാഗങ്ങൾ ചെയ്യേണ്ടിവരും. ബാറ്റർമാർ ടീമിലേക്ക് നോക്കുകയും ടീമിന് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യണം. അത്തരത്തിലാണ് ഞാൻ ഇതിനെ നോക്കി കാണുന്നത്. നിങ്ങൾ നാഴികക്കല്ല് നേടുക എന്നത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. എന്നാൽ ടീമിന് അതിലും മുൻതൂക്കം നൽകാൻ സാധിക്കണം. ഒരു കളിക്കാരൻ എന്ന നിലയിൽ നിങ്ങളുടെ മുൻപിൽ ഒരു ചോയിസുണ്ട്. എന്നാൽ ചില താരങ്ങൾ ചിന്തിക്കുന്നത് ഈ മത്സരത്തിൽ അവർക്ക് സെഞ്ചുറി നേടാൻ സാധിച്ചാൽ, അടുത്ത മത്സരത്തിൽ അത് അവർക്ക് ഗുണമായി മാറും എന്നാണ്. അതുകൊണ്ടുതന്നെ ഏതുതരം മാനസിക നിലയിലാണ് നമ്മൾ കളിക്കുന്നത് എന്നതിന് വലിയ പ്രാധാന്യമുണ്ട്.”- പൂജാര കൂട്ടിച്ചേർത്തു.

5/5 - (5 votes)