സൗദി പ്രൊ ലീഗിലെ അൽ നസറിന്റെ വിജയ കുതിപ്പിന് അവസാനം : ജിദ്ദ ഡെർബിയിൽ ഇത്തിഹാദിനെ വീഴ്ത്തി അൽ-അഹ്‌ലി|Saudi Pro League

സൗദി പ്രൊ ലീഗിൽ അൽ നാസറിന്റെ വിജയകുതിപ്പിന് അവസാനമിട്ടിരിക്കുകയാണ് അബഹ. ഇന്നലെ നടന്ന മത്സരത്തിൽ അബഹ അൽ നാസറിനെ സമനിലയിൽ തളക്കുകയായിരുന്നു. ഇരു ടീമുകളും മത്സരത്തിൽ രണ്ടു വീതം ഗോളുകളാണ് നേടിയത്.അവസാന മിനുട്ടിൽ വഴങ്ങിയ ഗോളാണ് അൽ നാസറിന് വിജയം നിഷേധിച്ചത്.

9 മത്സരങ്ങളിൽ നിന്നും 19 പോയിന്റുമായി അൽ നാസർ മൂന്നാം സ്ഥാനത്താണ്.7 പോയിന്റുമായി അബഹ പതിനഞ്ചാം സ്ഥാനത്തും ആണ്.മൂന്നാം മിനിറ്റിൽ തന്നെ ഒട്ടാവിയോയുടെ ഗോളിൽ അൽ നാസർ ലീഡ് നേടി.25 മിനിറ്റിനുള്ളിൽ ആൻഡേഴ്സൺ ടാലിസ്ക ലീഡ് രണ്ടാക്കി.ആദ്യ പകുതിയുടെ അവസാനത്തിൽ സാദ് ബ്ഗുയർ അബഹക്കായി ഒരു ഗോൾ മടക്കി.

66-ാം മിനിറ്റിൽ പോർച്ചുഗീസ് മുന്നേറ്റക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസറിനായി മൂന്നാം ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് കാരണം അത് അനുവദിച്ചില്ല.90+2-ാം മിനിറ്റിൽ കാൾ ഏകാംബി നേടിയ ഗോളിൽ അബഹ സമനില പിടിക്കുകയായിരുന്നു.

കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ 55,000-ത്തിലധികം കാണികൾക്ക് മുന്നിൽ നടന്ന ജിദ്ദ ഡെർബിയിൽ അൽ-അഹ്‌ലി അൽ-ഇത്തിഹാദിനെ ഒരു ഗോളിന് പരാജയപ്പെടുത്തി. മത്സരത്തിന്റെ 31 ആം മിനുട്ടിൽ മുൻ ബാഴ്സലോണ താരം ഫ്രാങ്ക് കെസി നേടിയ ഗോളിനായിരുന്നു അൽ അഹ്ലിയുടെ ജയം.രണ്ടപകുതിയിൽ സൂപ്പർ സ്‌ട്രൈക്കർ ബെൻസേമ ഇത്തിഹാദിനായി ഗോൾ നേടിയെങ്കിലും ഗോൾ നിഷേധിക്കപ്പെട്ടു. 9 മത്സരങ്ങളിൽ നിന്നും 19 പോയിന്റമായി ഇത്തിഹാദ് നാലാം സ്ഥാനത്തും അത്രയും പോയിന്റുള്ള അൽ അഹ്ലി അഞ്ചാം സ്ഥാനത്തുമാണ്.