8 മത്സരം 10 ഗോളുകൾ 3 അസിസ്റ്റ് 1 കിരീടം…. മെസ്സി അത്ഭുതപ്പെടുത്തുന്നത് തുടരുന്നു |Lionel Messi

കളിക്കളത്തിലെ ലയണൽ മെസ്സിയുടെ പ്രകടനം കണ്ട് ആശ്ചര്യപെട്ടിരിക്കുകയാണ് അമേരിക്കയിലെ ഫുട്ബോൾ ആരാധകർ. കഴിഞ്ഞ ഒരു മാസമായി ഇന്റർ മയാമിയിലെ ആരാധകരും കളിക്കാരും ഒരു സ്വപ്ന ലോകത്താണെന്ന് പറയേണ്ടി വരും. ഇന്റർ മയാമിയെ സംബന്ധിച്ച് ജയം എന്നുള്ളത് വളരെ അപൂർവമായി മായി മാത്രം സംഭവിക്കുന്ന ഒന്നായിരുന്നു.

എന്നാൽ കഴിഞ്ഞ ഒരു മാസമായി മയാമിയിൽ കാര്യങ്ങൾ അങ്ങനെയല്ല നടക്കുന്നത്. അവർ തുടർച്ചയായി മത്സരങ്ങൾ ജയിക്കുകയും ചരിത്രത്തിൽ ആദ്യമായി ഒരു കിരീടം നേടുകയും ചെയ്തു.മയാമിയുടെ ഈ മാറ്റത്തിന് കാരണം അന്വേഷിച്ച് അതികം പോവേണ്ടതില്ല. ലോകം കണ്ട എക്കാലത്തെയും മികച്ച താരമായ ലയണൽ മെസ്സിയുടെ വരവോടെയാണ് അവരുടെ ഈ ഉയിർത്തെഴുന്നേൽപ്പ്. ഇന്ന് നടന്ന യുഎസ് ഓപ്പൺ കപ്പ് സെമിഫൈനലിൽ സിൻസിനാറ്റിക്കെതിരെ ശ്രദ്ധേയമായ തിരിച്ചുവരവ് ആണ് മെസ്സിയുടെ ഇന്റർ മയാമി നടത്തിയത്.ആവേശകരമായ മത്സരം അധിക സമയത്തിന് ശേഷം 3-3 ന് അവസാനിച്ചു, ഇത് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നയിക്കുകയും ഇന്റർ മയാമി ഫൈനലിൽ സ്ഥാനം പിടിക്കുകയും ചെയ്തു.

ഈ വിജയം ഇന്റർ മിയാമിയെ അവരുടെ രണ്ടാമത്തെ ട്രോഫിയുടെ വക്കിൽ എത്തിച്ചു.ഇത് മിയാമിയിൽ അർജന്റീനിയൻ സൂപ്പർതാരത്തിന്റെ പരിവർത്തനാത്മക സ്വാധീനത്തെ അടിവരയിടുന്ന ഒന്നാണ്.ഒരു മാസം മുമ്പ് ലയണൽ മെസ്സി ഇന്റർ മിയാമിയിലെത്തിയത് ടീമിന് പുതുജീവൻ നൽകിയിരുന്നു.സ്പാനിഷ് പ്രതിഭകളായ സെർജിയോ ബുസ്‌ക്വെറ്റ്‌സിനും ജോർഡി ആൽബയ്‌ക്കുമൊപ്പം കളിക്കളത്തിൽ മെസ്സിയുടെ സാന്നിധ്യമാണ് ഇന്റർ മിയാമിയെ അപ്രതീക്ഷിത ഉയരങ്ങളിലെത്തിച്ചത്. ഇന്റർ മിയാമിയും സിൻസിനാറ്റിയും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടത്തിൽ മത്സരം അവസാനിക്കാൻ 22 മിനിറ്റ് മാത്രം ശേഷിക്കെ 2-0ന് പിന്നിലായെങ്കിലും മെസ്സി തന്റെ അസാധാരണമായ പ്ലെ മേക്കിങ് കഴിവ് പ്രകടിപ്പിച്ചതോടെ അവർ മത്സരത്തിലേക്ക് തിരിച്ചുവന്നു.

സ്‌ട്രൈക്കർ ലിയോനാർഡോ കാമ്പാനയ്ക്ക് രണ്ട് നിർണായക അസിസ്റ്റുകൾ നൽകി. മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് എത്തിച്ചു.സിൻസിനാറ്റിയുടെ നിക്ക് ഹാഗ്‌ലണ്ടിന്റെ പെനാൽറ്റി രക്ഷപ്പെടുത്തി മിയാമിയുടെ ഗോൾകീപ്പർ ഡ്രേക്ക് കാലെൻഡർ അവരെ വിജയത്തിലേക്ക് നയിച്ചു.മെസ്സിയുടെ ഇന്റർ മയാമിക്ക് വേണ്ടിയുള്ള കണക്കുകൾ അമ്പരപ്പിക്കുന്നതാണ്. അവർക്കായി 8 മത്സരങ്ങൾ കളിച്ച അർജന്റീനിയൻ 10 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി. മയാമി മെസി കളിച്ച എല്ലാ മത്സരങ്ങളിലും വിജയം നേടുകയും ചെയ്തു.കൂടാതെ പല മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് മെസ്സിയായിരുന്നു.മയാമിക്ക് ലീഗ് കപ്പ് നേടിക്കൊടുത്ത മെസ്സി തന്നെയായിരുന്നു ടൂർണമെന്റിലെ ടോപ് സ്കോററും മികച്ച കളിക്കാരനും.

ഇന്റർ മിയാമിക്കൊപ്പം ലീഗ് കപ്പിന്റെ ട്രോഫി സ്വന്തമാക്കിയ ലിയോ മെസ്സി തന്റെ അമേരിക്കൻ ഫുട്ബോൾ കരിയറിന്റെ തുടക്കം ഗംഭീരമാക്കാൻ കഴിഞ്ഞു. എഫ് സി ബാഴ്സലോണ, പാരീസ് സെന്റ് ജർമയിൻ എന്നിവയ്ക്ക് ശേഷം ലിയോ മെസ്സി നേടുന്ന മറ്റൊരു ക്ലബ്ബിനോടൊപ്പമുള്ള ട്രോഫിയാണിത്. ഇനി മെസ്സിയുടെ മുന്നിലുള്ളത് ഈസ്റ്റേൺ കോൺഫറൻസ് സ്റ്റാൻഡിംഗിന്റെ താഴെയുള്ള മയാമിയെ പ്ലേ ഓഫ് സ്ഥാനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്. ലീഗിൽ ഇനി 12 മത്സരങ്ങളാണ് അവശേഷിക്കുന്നത്.

Rate this post