ലയണൽ മെസ്സി മാജിക് !! എതിരാളികളില്ലാതെ ലയണൽ മെസ്സിയുടെ തോളിലേറി അർജന്റീന കുതിക്കുന്നു |Lionel Messi |Argentina

ലോകകപ്പ് യോഗ്യത മത്സരത്തിലെ തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി അർജന്റീന .ഇന്ന് നടന്ന മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ ആദ്യ പകുതിയിലെ ഇരട്ടത്ത ഗോളുകളുടെ മികവിൽ പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. 4 മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി അര്ജന്റീനയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.

അര്ജന്റീന ജേഴ്സിയിൽ സൂപ്പർ താരം ലയണൽ മെസ്സി തന്റെ തകർപ്പൻ ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ്. പരിക്ക് മൂലം നിരവധി മത്സരങ്ങൾ നഷ്‌ടമായ മെസ്സി ഇന്ന് പെറുവിനെതിരെ മത്സരത്തിൽ ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയത് ആദ്യ പകുതിയിൽ തന്നെ നേടിയ ഇരട്ട ഗോളുകളോടെയാണ് ആഘോഷിച്ചത്.

രണ്ടു തകർപ്പൻ ഗോളുകളാണ് മെസ്സി മത്സരത്തിൽ നേടിയത്. മത്സരത്തിന്റെ തുടക്കം മുതൽ മെസ്സിയുടെ നേതൃത്വത്തിൽ അര്ജന്റീന പെറുവിയൻ പെനാൽട്ടി ബോക്സ് ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിട്ടു. മത്സരത്തിന്റെ 32 ആം മിനുട്ടിലാണ് ലയണൽ മെസ്സിയുടെ ആദ്യ ഗോൾ പിറക്കുന്നത്.അർജന്റീനയുടെ കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഗോൾ പിറന്നത്.മൈതാന മധ്യത്ത് നിന്നും പന്തുമായി കുതിച്ച എൻസോ ഇടത് വശത്ത് നിന്ന നികോ ഗോണ്‍സാലസ് പന്ത് കൈമാറുകയും , താരത്തിന്റെ ക്രോസ്സ് ഫസ്റ്റ് ടൈം ഷോട്ടിലൂടെ മെസ്സി ഗോളാക്കി മാറ്റുകയും ചെയ്തു.

42 ആം മിനുട്ടിൽ ലയണൽ മെസ്സി അർജന്റീനയുടെ രണ്ടാം ഗോളും കൂട്ടിച്ചേർത്തു. ഈ ഗോളിന് പിന്നിലും എൻസോ ആയിരുന്നു. ബോക്സിനുള്ളിൽ നിന്നും എൻസോ കൊടുത്ത പാസ് മനോഹരമായ ഇടം കാൽ ഷോട്ടിലൂടെ മെസ്സി വലയിലാക്കി.രണ്ടാം പകുതിയിലും അർജന്റീനയുടെ ആധിപത്യമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. 58 ആം മിനുട്ടിൽ ലയണൽ മെസ്സി തന്റെ ഹാട്രിക്ക് ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു .ഇടതു വിങ്ങിൽ നിന്നും ലഭിച്ച പാസ് അനായാസം വലയിലാക്കിയെങ്കിലും മെസ്സി ഓഫ്‌സൈഡ് പൊസിഷനിൽ ആയിരുന്നു.

നാലാം ലോകകപ്പ് യോഗ്യത മത്സരത്തിലും വിജയിച്ച ആല്‍ബിസെലസ്റ്റുകള്‍ 12 പോയിന്റുമായി ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ നിന്നും ഏഴ് പോയന്റുമായി ഉറുഗ്വേ രണ്ടും ഇതേ പോയിന്റുള്ള ബ്രസീല്‍ മൂന്നും സ്ഥാനങ്ങളിലാണുള്ളത്. നവംബര്‍ 22നാണ് അര്‍ജന്റീന-ബ്രസീല്‍ ക്ലാസിക് പോരാട്ടം.

4.5/5 - (2 votes)