ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ രണ്ട് ദിവസത്തിനകം മത്സരം അവസാനിക്കുമെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് | Mohammed Siraj

ഇംഗ്ലണ്ടിന്റെ ഏറെ കൊട്ടിഘോഷിച്ച ‘ബാസ്ബോൾ’ തന്ത്രം ഇന്ത്യൻ സാഹചര്യങ്ങളിൽ പ്രവർത്തിക്കില്ലെന്ന് പേസ് ബൗളർ മുഹമ്മദ് സിറാജ്. ഇംഗ്ലണ്ട് അവരുടെ തീവ്ര ആക്രമണാത്മക സമീപനവുമായി പോയാൽ രണ്ട് ദിവസത്തിനുള്ളിൽ മത്സരം അവസാനിക്കുമെന്നും സിറാജ് അഭിപ്രായപ്പെട്ടു. ആക്രമണ ക്രിക്കറ്റ് കളിക്കുന്നതിൽ ഇംഗ്ലണ്ട് ഉറച്ചുനിന്നാൽ മത്സരം പെട്ടെന്ന് അവസാനിക്കുമെന്നും ഇന്ത്യൻ പേസർ പറഞ്ഞു.

“ഇന്ത്യൻ സാഹചര്യങ്ങളിൽ അവർ ബാസ്ബോൾ കളിക്കാൻ ശ്രമിക്കുകയാണെങ്കിൽ, മത്സരം രണ്ട് ദിവസത്തിനുള്ളിൽ അവസാനിക്കുമെന്ന് ഞാൻ കരുതുന്നു. ഓരോ പന്തും അടിക്കുക എന്നത് ഇവിടെ എളുപ്പമല്ല. ചില പന്തുകള്‍ കുത്തിത്തിരിയും. ചിലത് നേരെ വരും. അതുകൊണ്ടുതന്നെ അവരിവിടെ ബാസ്ബോള്‍ കളിച്ചാല്‍ അത് നമുക്ക് നല്ലതാണ്. കാരണം, ടെസ്റ്റ് അധികം നീളില്ല, രണ്ട് ദിവസത്തിനുള്ളില്‍ കളി കഴിയും”സിറാജ് ജിയോസിനിമയിൽ പറഞ്ഞു.ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് ജനുവരി 25 മുതൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ആരംഭിക്കും.

വലംകൈയ്യൻ പേസർ അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ മികച്ച പ്രകടനം നടത്തിയിരുന്നു.കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരിലെ രണ്ടാം മത്സരത്തില്‍ 15 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയി സിറാജ് തിളങ്ങിയിരുന്നു. സിറാജിന്‍റെയും ബുമ്രയുടെയും ബൗളിംഗ് മികവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ജയിച്ച് രണ്ട് മത്സര പരമ്പര ഇന്ത്യ സമനിലയാക്കുകയും ചെയ്തു.മൂന്ന് വർഷം മുമ്പ് ഓസ്‌ട്രേലിയയിൽ അരങ്ങേറിയതിന് ശേഷം 29 കാരനായ സിറാജ് ഇതുവരെ 23 ടെസ്റ്റുകളിൽ നിന്ന് 68 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

ഫോർമാറ്റും സാഹചര്യങ്ങളും പരിഗണിക്കാതെ സ്ഥിരമായി ശരിയായ സ്ഥാനത്ത് പന്ത് എറിയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തന്റെ കരിയറിനെ സഹായിച്ചതായി അദ്ദേഹം പറഞ്ഞു.”ഞാൻ പുതിയ പന്ത് ഉപയോഗിച്ചാണ് പന്തെറിയുന്നത്, അതിനാൽ എന്റെ ലൈനും ലെങ്തും അതേപടി തുടരുന്നു. അത് വെളുത്ത പന്തായാലും ചുവന്ന പന്തായാലും ഞാൻ കാര്യങ്ങൾ മാറ്റില്ല.പുതിയ പന്തിൽ വിക്കറ്റുകൾ ലഭിക്കാൻ ശെരിയായ സ്ഥാനത്ത് പിച്ച് ചെയ്യണം,” അദ്ദേഹം പറഞ്ഞു.

Rate this post