ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ ക്രെഡിറ്റ് എംഎസ് ധോണിക്ക് നൽകി റുതുരാജ് ഗെയ്‌ക്‌വാദ് | Ruturaj Gaikwad

ഓസ്‌ട്രേലിയക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടി 20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന താരമാണ് ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദ്.ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തിളങ്ങിയ റുതുരാജ് ഇന്ത്യൻ ജേഴ്സിയിലും ആ പ്രകടനം തുടരുകയാണ്.തന്റെ ഐപിഎൽ ക്യാപ്റ്റൻ എംഎസ് ധോണിയിൽ നിന്നാണ് ടി20 ക്രിക്കറ്റിൽ താൻ ഗെയിം സെൻസ് നേടിയതെന്ന് റുതുരാജ് ഗെയ്‌ക്‌വാദ് പറഞ്ഞു.

അദ്ദേഹം സ്‌കോർ വിശകലനം ചെയ്യാനും സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാനും ഉപദേശിക്കുകയും ചെയ്തതായി ഓപ്പണർ പറഞ്ഞു.വെള്ളിയാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെ നാലാം ടി20യിൽ 28 പന്തിൽ 32 റൺസാണ് ഗെയ്‌ക്‌വാദ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 174/9 എന്ന സ്കോർ പടുത്തുയർത്തുകയും 20 റൺസിന് വിജയം നേടുകയും ചെയ്തു.മൂന്നാം ഗെയിമിൽ അദ്ദേഹം 57 പന്തിൽ 123 റൺസ് നേടിയെങ്കിലും ആ മത്സരത്തിൽ ഇന്ത്യക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല. ആദ്യ 21 പന്തിൽ നിന്നും 21 റൺസ് മാത്രം നേടിയ ഗെയ്‌ക്‌വാദ് അടുത്ത 36 പന്തിൽ 102 റൺസ് ആണ് അടിച്ചെടുത്തത്.

‘ടി20 എങ്ങനെ കളിക്കണമെന്ന് പഠിച്ചത് സിഎസ്‌കെയില്‍ നിന്നാണ്. മഹിഭായി സന്ദര്‍ഭങ്ങളെ മനസിലാക്കാന്‍ എപ്പോഴും മിടുക്കനാണ്.എങ്ങനെയാണ് മത്സരം പുരോഗമിക്കുന്നത് മത്സരത്തിന്റെ ഗതി എങ്ങനെ എന്നെല്ലാം മനസിലാക്കാന്‍ പഠിച്ചത് സിഎസ്‌കെയില്‍ നിന്നാണ്. ഓരോ ഘട്ടത്തിലും എന്താണ് വേണ്ടതെന്നത് മനസിലാക്കിയിരിക്കണം. ടീമിന് എന്താണോ ആവശ്യം അതിനനുസരിച്ച് കളിക്കാന്‍ സാധിക്കണം. ധോണിയുടെ ഈ രീതികളെല്ലാം എന്നോടൊപ്പവും ഉണ്ട്. അത് തുടർന്നും നടപ്പിലാക്കാൻ ഞാൻ ശ്രമിക്കുന്നു,” ഗെയ്‌ക്‌വാദ് പറഞ്ഞു.

71 ശരാശരിയിൽ 213 റൺസും 166.41 സ്‌ട്രൈക്ക് റേറ്റുമായി ഓപ്പണർ നിലവിൽ പരമ്പരയിലെ ടോപ് സ്‌കോററാണ്.ഇന്ത്യയുടെ “നിർഭയവും ആക്രമണോത്സുകവുമായ” സമീപനം ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര സുരക്ഷിതമാക്കാൻ സഹായിച്ചെന്നും ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ഹൃദയഭേദകമായ തോൽവിക്ക് ശേഷം ഈ വിജയം ആരാധകർക്ക് ആഹ്ലാദിക്കാൻ എന്തെങ്കിലും നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗെയ്‌ക്‌വാദ് പറഞ്ഞു. വെള്ളിയാഴ്ച നടന്ന നാലാം ടി20യിൽ ഓസ്‌ട്രേലിയയെ 20 റൺസിന് തോൽപ്പിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 3-1ന് അജയ്യമായ ലീഡ് നേടി.

Rate this post